27/01/2026

‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം

 ‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി.

‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ ധരിപ്പിച്ചിരിക്കുന്ന ‘സാങ്കൽപ്പിക സമയപരിധിക്കുള്ളിൽ’ അത് അവസാനിക്കില്ല. യുദ്ധം വിചാരിക്കുന്നതിലും ഏറെക്കാലം നീണ്ടുനിൽക്കും. അത് ഈ മേഖലയെ ഒന്നാകെ വിഴുങ്ങുകയും ലോകമെമ്പാടുമുള്ള സാധാരണക്കാരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും,’ ഇറാൻ നേതാവ് ചൂണ്ടിക്കാട്ടി.

ഇനിയൊരു ആക്രമണമുണ്ടായാൽ ഇറാന്റെ കൈയിലുള്ള സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു ഭീഷണിയല്ല, മറിച്ച് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യമാണ്. ഒരു നയതന്ത്രജ്ഞൻ എന്ന നിലയിലും മുൻ സൈനികൻ എന്ന നിലയിലും ഞാൻ യുദ്ധത്തെ വെറുക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിൽ ഇസ്രായേൽ നടത്തിയ 12 ദിവസത്തെ യുദ്ധത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചാൽ ഇറാനെ ‘ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് യുഎസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇക്കെതിരെ നീക്കമുണ്ടായാൽ അവരുടെ ലോകം തന്നെ കത്തിച്ചുകളയുമെന്ന് ഇറാൻ സൈനിക ജനറൽ അബോൽഫസൽ ശേഖർചിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങൾ യുദ്ധം ഒഴിവാക്കാൻ ട്രംപിന് മേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും, ഇസ്രയേലിന്റെ വാക്ക് കേട്ട് അമേരിക്ക എടുത്തുചാടരുതെന്ന സന്ദേശമാണ് ഇറാൻ വിദേശകാര്യ മന്ത്രി പ്രധാനമായും നൽകുന്നത്.

Also read: