28/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

 ‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി.

രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. ‘കലാപങ്ങളെ മുതലെടുത്ത് രാജ്യത്തെ ദുര്‍ബലപ്പെടുത്താമെന്നും സൈനികമായി കീഴ്‌പ്പെടുത്താമെന്നും ആരും കരുതേണ്ട. അത്തരം കണക്കുകൂട്ടലുകള്‍ അമേരിക്കയ്ക്ക് ചരിത്രപരമായ അബദ്ധമായിരിക്കും,’ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

ഇസ്രയേലിനെതിരെയും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്കയുടെ ഏതൊരു ആക്രമണത്തിനും ഇസ്രയേലും വലിയ വില നല്‍കേണ്ടി വരും. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ഇസ്രയേലിലെ തന്ത്രപ്രധാന നഗരങ്ങളും തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു. ശത്രുക്കളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, ചെറിയൊരു പ്രകോപനമുണ്ടായാല്‍ പോലും തിരിച്ചടി നല്‍കാന്‍ വിരല്‍ കാഞ്ചിയിലാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇറാന്റെ പരസ്യ വെല്ലുവിളി. നയതന്ത്ര തലത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കപ്പുറം നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന സൂചനയാണ് ഇരുഭാഗത്തുനിന്നുമുള്ള പ്രസ്താവനകള്‍ നല്‍കുന്നത്. മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസപ്പെടുത്തുമെന്നും അത് ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also read: