27/01/2026

മഹല്ല് മഹാസംഗമത്തിന് വേദിയാകാന്‍ ജാമിഅ നൂരിയ്യ; മലപ്പുറം ജില്ലാ നേതൃസംഗമം ജനുവരി 11ന് പട്ടിക്കാട്ട്‌

 മഹല്ല് മഹാസംഗമത്തിന് വേദിയാകാന്‍ ജാമിഅ നൂരിയ്യ; മലപ്പുറം ജില്ലാ നേതൃസംഗമം ജനുവരി 11ന് പട്ടിക്കാട്ട്‌

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഉന്നത ഇസ്‌ലാമിക മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാര്‍ഷിക സമ്മേളന നഗരി മഹല്ല് കൂട്ടായ്മയുടെ മഹാ സംഗമത്തിന് വേദിയാവുന്നു. സമ്മേളനത്തോടനുബന്ധിച്ച് സുന്നി മഹല്ല് ഫെഡറേഷൻ (SMF) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മഹല്ല് നേതൃ സംഗമം’ 2026 ജനുവരി 11 ഞായറാഴ്ച നടക്കും.

​ജാമിഅ നൂരിയ്യയിലെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറിലായിരിക്കും ഈ ചരിത്ര സംഗമം നടക്കുക. ജനുവരി 11-ന് രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന സംഗമം ഉച്ചക്ക് 3.30 വരെ നീണ്ടുനിൽക്കും. മലപ്പുറം ജില്ലയിലെ മഹല്ല് ഭാരവാഹികളും ഖത്തീബുമാരും ഈ ബൃഹത്തായ സംഗമത്തിൽ പങ്കാളികളാകും. മഹല്ല് ശാക്തീകരണവും ആദർശ വിശുദ്ധിയും മുൻനിർത്തിയുള്ള ചർച്ചകളും ക്ലാസുകളും സംഗമത്തിന്റെ ഭാഗമായി നടക്കും.

ജാമിഅ നൂരിയ്യയുടെ 63-ാമത് വാര്‍ഷികവും 61-ാമത് സനദ് ദാന സമ്മേളനവും 2026 ജനുവരി 9, 10, 11 തീയതികളിലായി പട്ടിക്കാട് ഫൈസാബാദിൽ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ആദര്‍ശ വിശുദ്ധി ഉയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.

​സമ്മേളന വിജയത്തിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രചാരണ സന്ദേശ ജാഥകള്‍ക്കുള്ള പതാക കൈമാറ്റം നാളെ പാണക്കാട്ട് വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പ്രധാന വേദി, പന്തല്‍ എന്നിവയുടെ ക്രമീകരണങ്ങൾ ഫൈസാബാദില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും സംബന്ധിക്കും.

Also read: