‘ബിജെപി നേതാക്കള്‍ ഗ്രാമങ്ങളില്‍ വന്നാല്‍ ഓടിച്ചിട്ട് തല്ലും’; മോദിയുടെ കോലം കത്തിച്ച് ഏക സിവില്‍ കോഡിനെതിരെ കര്‍ണിസേന പ്രതിഷേധം
ഭോപ്പാല്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം കടുപ്പിച്ച് രജപുത്ര സംഘടനയായ കര്‍ണിസേന. ഭിന്ദില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍, ഭിന്ദിലെ പ്രധാന ജങ്ഷനായ പരേഡ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതായി ‘ദൈനിക് ഭാസ്‌കര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ അത് രാജ്യത്തെ വിവിധ സമുദായങ്ങളുടെ തനതായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ഇല്ലാതാക്കുമെന്ന് കര്‍ണി സേന ഭാരവാഹികള്‍ ആരോപിച്ചു.
ബിജെപി ജനപ്രതിനിധികള്‍ക്കെതിരെ പരസ്യമായി അക്രമ ഭീഷണിയുമായും സംഘടനയുടെ ജില്ലാ നേതൃത്വം രംഗത്തെത്തി. ഏക സിവില്‍ കോഡുമായി മുന്നോട്ടുപോയാല്‍ ബിജെപി നേതാക്കളെ വെറുതെ വിടില്ലെന്നാണ് കര്‍ണിസേനയുടെ മുന്നറിയിപ്പ്.
‘ഏക സിവില്‍ കോഡിന്റെ പേരില്‍ ബിജെപി ജനപ്രതിനിധികള്‍ ഗ്രാമങ്ങളിലേക്ക് വന്നാല്‍ അവരെ ഞങ്ങള്‍ ഓടിച്ചിട്ട് തല്ലും. ചെരിപ്പുകൊണ്ട് അടിച്ച് അവരെ ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കും,’-കര്‍ണിസേന ജില്ലാ പ്രസിഡന്റ് സന്തോഷ് സിങ് കുശ്വാഹ ഭീഷണി മുഴക്കി.
ഇന്ത്യയിലെ ഓരോ സമുദായത്തിനും, പ്രത്യേകിച്ച് രജപുത്ര വിഭാഗത്തിന്, വിവാഹം, കുടുംബം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന പരമ്പരാഗത ആചാരങ്ങളുണ്ട്. ‘നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ സൗന്ദര്യം. എന്നാല്‍, ഏക സിവില്‍ കോഡ് വരുന്നതോടെ ഈ വൈവിധ്യം നശിപ്പിക്കപ്പെടും. ഞങ്ങളുടെ സാംസ്‌കാരികമായ സ്വത്വത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്ന ഒന്നിനെയും അംഗീകരിക്കില്ല,’ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സനാതനധര്‍മത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഭരിക്കുന്നതെങ്കിലും, കൊണ്ടുവരുന്ന നിയമങ്ങള്‍ സനാതന സംസ്‌കാരത്തിന് വിരുദ്ധമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതൊരു സൂചനാസമരം മാത്രമാണെന്ന് കര്‍ണിസേന ജില്ലാ നേതൃത്വം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഈ ബില്ലുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കും. മധ്യപ്രദേശിലുടനീളം ഉഗ്ര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഏത് അറ്റം വരെ പോകാനും മടിക്കില്ലെന്നും നേതാക്കള്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.
ഏക സിവില്‍ കോഡിനെതിരെ സാധാരണ ന്യൂനപക്ഷ സംഘടനകളാണ് പ്രതിഷേധിക്കാറുള്ളതെങ്കില്‍, ഇത്തവണ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍നിന്ന്, അതും ഒരു ഹൈന്ദവ സംഘടനയില്‍ നിന്ന് തന്നെ ഇത്തരമൊരു പ്രതിഷേധം ഉയര്‍ന്നുവന്നത് രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒപ്പം നില്‍ക്കുമെന്ന് കരുതിയ രജപുത്ര വിഭാഗം തന്നെ സര്‍ക്കാരിനെതിരെ തിരിഞ്ഞത് ബിജെപിക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.