‘അജിത് പവാർ എൻഡിഎ വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് അറിഞ്ഞു; പ്രതിപക്ഷ പാർട്ടികളുടെ ഭാവി എന്താകുമെന്ന് അറിയില്ല’; സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മമത
കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.
അജിത് പവാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിടാൻ തീരുമാനിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നത് സംശയകരമാണെന്ന് മമത ചൂണ്ടിക്കാട്ടി. ഹൂഗ്ലിയിലെ സിംഗൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
‘ഇന്ന് രാവിലെയാണ് ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്. രാജ്യത്ത് രാഷ്ട്രീയ നേതാക്കൾക്ക് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. പ്രതിപക്ഷ പാർട്ടികളുടെ ഭാവി എന്താകുമെന്ന് അറിയില്ല. അദ്ദേഹം ഭരണകക്ഷിക്കൊപ്പമായിരുന്നു. എന്നാൽസ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വിടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു’- മമത പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ തനിക്ക് വിശ്വാസമില്ലെന്നും, അവർ നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് കരുതുന്നില്ലെന്നും മമത തുറന്നടിച്ചു. ‘എല്ലാ ഏജൻസികളും വിലയ്‌ക്കെടുക്കപ്പെട്ടവയാണ്. അതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ’- മമത വ്യക്തമാക്കി. രാജ്യത്തിന് വലിയൊരു നഷ്ടമാണ് അജിത് പവാറിന്റെ വിയോഗമെന്നും അവർ കൂട്ടിച്ചേർത്തു.
ദുരന്തവാർത്തയറിഞ്ഞതിന് പിന്നാലെ മമത ബാനർജി തന്റെ ഡൽഹി യാത്ര മാറ്റിവച്ചു. മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നാലുപേർ കൂടി അപകടത്തിൽ മരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.