27/01/2026

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു; ആശംസകളുമായി പ്രധാനമന്ത്രി

 ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 45ാം വയസ്സിൽ ബിജെപിയുടെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവെന്ന ഖ്യാതിയും ഇതോടെ നിതിൻ നബിന് സ്വന്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്ത നിതിൻ നബിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമൊഴിയുന്ന അധ്യക്ഷൻ ജെ.പി. നദ്ദ തന്റെ പിൻഗാമിയെ സ്വാഗതം ചെയ്തു.

ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവ് അന്തരിച്ച നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനായ നിതിൻ 2006ലാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. കഴിഞ്ഞ മാസം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെട്ട അദ്ദേഹത്തിന് സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെഡ് കാറ്റഗറി സുരക്ഷയും അനുവദിച്ചിട്ടുണ്ട്. യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന ബിജെപിയുടെ പുതിയ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

Also read: