06/03/2026
[fontresizer_tawhidurrahmandear_widget]

പള്ളി കുഴിച്ചാൽ അമ്പലം, അമ്പലം കുഴിച്ചാൽ ബുദ്ധൻ; നിങ്ങൾ എത്ര നാളിങ്ങനെ കുഴിച്ചുകൊണ്ടിരിക്കും?-പ്രകാശ് രാജ്

 പള്ളി കുഴിച്ചാൽ അമ്പലം, അമ്പലം കുഴിച്ചാൽ ബുദ്ധൻ; നിങ്ങൾ എത്ര നാളിങ്ങനെ കുഴിച്ചുകൊണ്ടിരിക്കും?-പ്രകാശ് രാജ്

പ്രകാശ് രാജ്

തിരുവനന്തപുരം: ചെളിയിൽ കളിക്കാനിഷ്ടപ്പെടുന്ന ബാലന്മാരെ പോലെയാണ് ഇപ്പോൾ ആർക്കിയോളജിസ്റ്റുകളെന്ന് നടൻ പ്രകാശ് രാജ്. പള്ളി കുഴിച്ചാൽ അമ്പലം കണ്ടെത്താനാകും, അമ്പലം കുഴിച്ചാൽ ബുദ്ധൻ.. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

‘പള്ളി കുഴിച്ചുപോയാൽ അമ്പലം കണ്ടെത്താനാകും, എന്നാൽ അമ്പലം കുഴിച്ചാൽ ബുദ്ധനെയാകും കണ്ടെത്തുക. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കും? അധികമൊന്നും പോകാനാവില്ല’- പ്രകാശ് രാജ് ചോദിച്ചു. പലപ്പോഴും ചെളിയിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളെപ്പോലെയാണ് ആർക്കിയോളജിസ്റ്റുകളെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

തന്നിലെ നടൻ രൂപപ്പെട്ടതിനെക്കുറിച്ചും തന്റെ ജീവിതയാത്രയെക്കുറിച്ചും അദ്ദേഹം വേദിയിൽ മനസ്സുതുറന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽനിന്നാണ് താൻ വരുന്നത്. അച്ഛൻ ബൈൻഡറും അമ്മ നഴ്‌സുമായ ഒരു കുടുംബത്തിൽ കലയോ സാഹിത്യമോ ഉണ്ടായിരുന്നില്ല. അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്താനുള്ള പരക്കംപാച്ചിലിനിടയിലാണ് തന്റെ ജീവിതം തുടങ്ങിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഡോക്ടറോ എഞ്ചിനീയറോ ആകാൻ തനിക്ക് ആഗ്രഹമില്ലായിരുന്നു. കൊമേഴ്‌സ് പഠിക്കുന്ന സമയത്ത് പതിവായി സമരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒരിക്കൽ അധ്യാപകൻ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ക്ലാസിൽ നിന്നിറങ്ങിപ്പോയ കാര്യവും അദ്ദേഹം പങ്കുവെച്ചു. പണത്തിനും ജോലിക്കുമായി ഓടുന്നതിനിടയിൽ തിയേറ്ററിലേക്ക് എത്തിയത് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ സഹായിച്ചു.

മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി പ്രവർത്തിക്കാനായത് തന്നെ ഒരു മികച്ച മനുഷ്യനായി മാറ്റിയെന്നും, ആ യാത്രയാണ് ഇന്നത്തെ പ്രകാശ് രാജ് എന്ന നടനെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: