സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സംസാരിച്ചു
അബ്ബാസ് അരാഗ്ചി, ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍
റിയാദ്/തെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചര്‍ച്ച നടന്നതെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ വ്യോമപാതയോ സ്ഥലമോ ഇറാനെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഇറാനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയോടും സൗദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇറാനെ കൂടാതെ ഖത്തര്‍, ഒമാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഫൈസല്‍ രാജകുമാരന്‍ ഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനിയുമായി മേഖലയിലെ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ചു. ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തില്‍നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണിത്.
ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുമായുള്ള ചര്‍ച്ചയിലും പ്രാദേശിക സുരക്ഷ തന്നെയായിരുന്നു പ്രധാന വിഷയം. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ടുമായും നിലവിലെ സാഹചര്യങ്ങള്‍ ഫൈസല്‍ രാജകുമാരന്‍ വിലയിരുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ വിലയിരുത്തപ്പെടുന്നത്.