28/03/2026
[fontresizer_tawhidurrahmandear_widget]

വാട്‌സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി

 വാട്‌സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്.

​ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ്പ് പോലുള്ള അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ് നിര്‍ദ്ദേശം നല്‍കുന്നതെന്നും, ഇതിന് രേഖാമൂലമുള്ള ഉത്തരവുകളില്ലെന്നും തൃണമൂല്‍ നേതാക്കള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.

​’ലോജിക്കല്‍ ഡിസ്‌ക്രിപന്‍സി’ (Logical Discrepancy) എന്ന സാങ്കേതിക കാരണം പറഞ്ഞ് വോട്ടര്‍മാരെ തരംതിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ വേണ്ടിയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. വോട്ടര്‍ പട്ടികയില്‍ അപാകതകള്‍ വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ടിഎംസി എംപിമാര്‍ ചൂണ്ടിക്കാട്ടി.

ജനുവരി 15ന് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

Also read: