തലച്ചോറിനെ കാക്കാൻ മധുരം കുറക്കാം; മസ്തിഷ്ക പരിക്കുകളിൽ നിന്ന് രക്ഷപെടാൻ പുതിയ വഴി
പഞ്ചസാരയുടെ അളവ് കുറയുന്നത് മസ്തിഷ്‌ക കോശങ്ങളുടെ അതിജീവനത്തിന് സഹായിക്കുമെന്ന് പുതിയ കണ്ടെത്തൽ. മസ്തിഷ്‌കാഘാതത്തിനോ പരിക്കുകൾക്കോ ശേഷം കോശങ്ങൾ സ്വയം സംരക്ഷിക്കുന്നതിനായി നടത്തുന്ന ഉപാപചയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മിഷിഗൺ സർവകലാശാലയിലെ ഡോ. മോണിക്ക ഡസിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ പഠനം പ്രമുഖ ശാസ്ത്ര ജേണലായ മോളിക്യുലാർ മെറ്റബോളിസത്തിലാണ് പ്രസിദ്ധീകരിച്ചത്.
മസ്തിഷ്‌കാഘാതത്തിന് ശേഷമോ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സമയത്തോ തലച്ചോറിലെ ഗ്ലൂക്കോസ് വിനിയോഗം മന്ദഗതിയിലാകാറുണ്ട്. ഇത് സാധാരണയായി കോശങ്ങളുടെ തകർച്ചയുടെ ലക്ഷണമായാണ് വൈദ്യശാസ്ത്രം കണക്കാക്കിയിരുന്നത്. എന്നാൽ, ഹ്രസ്വകാലത്തേക്ക് ഇത്തരത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ദുർബലമായ ന്യൂറൽ കണക്ഷനുകളെ സ്ഥിരപ്പെടുത്താനും അവയുടെ നാശം വൈകിപ്പിക്കാനും സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ന്യൂറോണുകൾക്ക് ഇന്ധനം കുറയുമ്പോൾ അവ നേരിട്ട് നശിക്കുകയല്ല ചെയ്യുന്നത്, പകരം ചില ആന്തരിക സ്‌ട്രെസ് സിഗ്‌നലുകൾ വഴി അവ സ്വയം പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയിൽ ന്യൂറോണുകളെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
പഴ ഈച്ചകളിൽ (Drosophila melanogaster) നടത്തിയ പഠനത്തിൽ, പഞ്ചസാര വിഘടിപ്പിക്കുന്ന എൻസൈമായ പൈറുവേറ്റ് കൈനാസിന്റെ അളവ് കുറയുമ്പോൾ DLK, SARM1 എന്നീ പ്രോട്ടീനുകൾ സജീവമാകുന്നതായി കണ്ടെത്തി. ഈ പ്രോട്ടീനുകൾ കോശത്തിനുള്ളിലെ സ്വിച്ചുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ഇവ കോശങ്ങളെ നന്നാക്കാൻ സഹായിക്കുമെങ്കിലും, ദീർഘകാലം ഈ അവസ്ഥ തുടരുന്നത് കോശങ്ങളുടെ സ്വയം നാശത്തിലേക്ക് നയിച്ചേക്കാം.
‘കോശത്തിന്റെ ആന്തരികാവസ്ഥ അനുസരിച്ച് ഈ സംരക്ഷണ പ്രതികരണം മാറിക്കൊണ്ടിരിക്കും എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി,’ എന്ന് ഡോ. ഡസ് പറഞ്ഞു. പരിക്കേറ്റ ആദ്യ ദിവസങ്ങളിൽ ഈ പ്രക്രിയയെ തടയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യ മസ്തിഷ്‌കത്തിലെ നശിച്ച കോശങ്ങളെ വീണ്ടും നിർമ്മിക്കുന്നത് അസാധ്യമായതിനാൽ, നിലവിലുള്ള കോശങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഈ പഠനം നൽകുന്ന സൂചനകൾ പക്ഷാഘാതം, അൽഷിമേഴ്‌സ് തുടങ്ങിയവയ്ക്കുള്ള ചികിത്സാരീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. കൃത്യമായ സമയത്ത് ഈ ഉപാപചയ മാറ്റങ്ങളെ ട്യൂൺ ചെയ്യാൻ സാധിച്ചാൽ മസ്തിഷ്‌ക കോശങ്ങളുടെ നാശത്തെ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.