27/01/2026

ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?

 ഗ്രീന്‍ലാന്‍ഡ് പിടിക്കാന്‍ ട്രംപ്; തടയാന്‍ ഡാനിഷ് സേനയുടെ വന്‍ പടയൊരുക്കം-ആര്‍ട്ടിക്കില്‍ യുദ്ധകാഹളം മുഴങ്ങുന്നോ?

വാഷിങ്ടണ്‍/കോപന്‍ഹേഗൻ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനകൾക്കിടെ, ദ്വീപിൽ വൻ പടയൊരുക്കം നടത്തി ഡെന്മാർക്ക്. ട്രംപിന്റെ ഭീഷണികൾ അവഗണിച്ച് തിങ്കളാഴ്ച വൈകുന്നേരം കൂടുതൽ ഡാനിഷ് സൈനികർ ഗ്രീൻലാൻഡിലെ കൻഗെർലുസുവക്കിൽ വിമാനമിറങ്ങി. ഇതോടെ ആർട്ടിക് മേഖലയിൽ യുദ്ധഭീതി നിഴലിക്കുകയാണ്.

​ഡാനിഷ് ആർമി ചീഫ് പീറ്റർ ബോയ്സൺ നേരിട്ടാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നത്. ‘ആർട്ടിക് എൻഡുറൻസ്’ എന്ന പേരിൽ നടക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഡെന്മാർക്ക് പറയുന്നതെങ്കിലും, ട്രംപിന്റെ ഭീഷണികളെത്തുടർന്ന് ഇത് വേഗത്തിലാക്കുകയായിരുന്നു.

​തിങ്കളാഴ്ച 58 ഡാനിഷ് കോംബാറ്റ് സൈനികർ കൂടി കൻഗെർലുസുവക്കിൽ എത്തി. തലസ്ഥാനമായ ന്യൂക്കിലും കൻഗെർലുസുവക്കിലുമായി ഇതോടെ നൂറുകണക്കിന് സൈനികർ നിലയുറപ്പിച്ചു കഴിഞ്ഞു.

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന എൻബിസി ന്യൂസിന്റെ ചോദ്യത്തിന് ’നോ കമൻ്റ്സ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇത് സൈനിക നീക്കത്തിനുള്ള സാധ്യത തള്ളിക്കളയാത്തതാണെന്ന് നിരീക്ഷകർ കരുതുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണം വിട്ടുനൽകിയില്ലെങ്കിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഡെന്മാർക്ക് തുടങ്ങി എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഫെബ്രുവരി ഒന്ന് മുതൽ 10% അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ ആകുമ്പോഴേക്കും ഇത് 25% ആക്കുമെന്നാണ് ഭീഷണി.

അതേസമയം, ട്രംപിന്റെ ഭീഷണിക്കെതിരെ എട്ട് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കി. അമേരിക്കൻ നീക്കത്തെ അപലപിച്ച അവർ, ആർട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായാൽ ചെറുത്തുനിൽക്കാൻ തന്നെയാണ് ഡെന്മാർക്കിന്റെ തീരുമാനം. ഇതാണ് പെട്ടെന്നുള്ള സൈനിക വിന്യാസത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

Also read: