27/01/2026

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം; 50 % ജനങ്ങൾക്ക് അതൃപ്തി’, എൻഡിടിവി സർവേയിൽ യുഡിഎഫിന് മുൻതൂക്കം

 ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം; 50 % ജനങ്ങൾക്ക് അതൃപ്തി’, എൻഡിടിവി സർവേയിൽ യുഡിഎഫിന് മുൻതൂക്കം

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. ശൈലജ (16.9%) തൊട്ടുപിന്നാലെയുണ്ട്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും ശശി തരൂരിന് 9.8 ശതമാനവുമാണ് പിന്തുണ ലഭിച്ചത്.

യുഡിഎഫിന് 32.7 ശതമാനം വോട്ട് വിഹിതം സർവേ പ്രവചിക്കുന്നു. ഭരണകക്ഷിയായ എൽഡിഎഫ് 29.3 ശതമാനത്തിലേക്ക് ചുരുങ്ങുമ്പോൾ, എൻഡിഎ 19.8 ശതമാനം വോട്ട് നേടുമെന്നാണ് കണക്കാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനം ‘മോശം’ അല്ലെങ്കിൽ ‘വളരെ മോശം’ എന്ന് 52 ശതമാനം പേർ രേഖപ്പെടുത്തിയത് എൽഡിഎഫിന് വലിയ തിരിച്ചടിയാണ്.

യുഡിഎഫിന് അനുകൂലമാണെങ്കിലും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം 42 ശതമാനം വോട്ടർമാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. കൂടാതെ, 15 ശതമാനം വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇവരുടെ നിലപാട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി പിണറായി വിജയൻ ശ്രമിക്കുമ്പോൾ, ഭരണം തിരിച്ചുപിടിക്കാനുള്ള ഉറച്ച നീക്കത്തിലാണ് യുഡിഎഫ്.

Also read: