ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്ക ; ഭരണച്ചുമതലയ്ക്കായി പ്രത്യേക ഫലസ്തീൻ സമിതി
വാഷിങ്ടൺ/കെയ്റോ: ഗസ്സയിൽ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം അമേരിക്ക പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടത്തിലെ പല നിർണ്ണായക ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപാണ് ട്രംപ് ഭരണകൂടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 15 അംഗങ്ങളുള്ള പ്രത്യേക ടെക്നോക്രാറ്റിക് കമ്മിറ്റി രൂപീകരിച്ചതായും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യുഎസ് വ്യക്തമാക്കിട്ടുണ്ട്.
ഫലസ്തീൻ ഭരണസമിതിയും സമാധാന ബോർഡും
മുൻ ഫലസ്തീൻ ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആണ് ഗസ്സയുടെ ഭരണം നയിക്കുന്ന സമിതിയുടെ അധ്യക്ഷൻ. ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ സംയുക്ത മധ്യസ്ഥതയിലാണ് ഈ സമിതിക്ക് രൂപം നൽകിയത്. സമിതിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അന്താരാഷ്ട്ര സമാധാന ബോർഡ് (Board of Peace) നിലവിൽ വരും. ഇതിലേക്കുള്ള അംഗങ്ങളെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. യുഎൻ മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് നിർദ്ദേശിച്ച സ്വകാര്യ മേഖലയിലെ വിദഗ്ധരും എൻജിഒ അംഗങ്ങളും ഈ ബോർഡിലുണ്ടാകും. ദാവോസിൽ നടക്കാനിരിക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
പുനർനിർമ്മാണവും നിരായുധീകരണവും
ഗസ്സയെ പൂർണ്ണമായും സൈനികമുക്തമാക്കുക എന്നതാണ് രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഹമാസിനെ നിരായുധീകരിക്കുകയും പകരം അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കുകയും ചെയ്യുമെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഗസ്സയിലെ തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്ത് പുതിയ ഭൂമി കണ്ടെത്തുന്നതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ പുനർനിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് സമിതി അധ്യക്ഷൻ അലി ഷാത്ത് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഗസ്സയുടെ പുനർനിർമ്മാണത്തിന് 2040 വരെയെങ്കിലും സമയമെടുക്കുമെന്നാണ് 2024ലെ യുഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അയ്ദ് അബു റമദാൻ, ഒമർ ഷമാലി, സാമി നസ്മാൻ തുടങ്ങിയ പ്രമുഖർ കമ്മിറ്റിയിൽ ഉൾപ്പെടുമെന്നാണ് വിവരം. ഹമാസിന്റെ കടുത്ത വിമർശകനായ സാമി നസ്മാനെ ഉൾപ്പെടുത്തിയത് ഗസ്സയിൽ ഹമാസിന് ബദലായി ഭരണസംവിധാനം കൊണ്ടുവരാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയും ഹമാസും സമിതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ‘ഒരു സംവിധാനം, ഒരു നിയമം, ഒരു നിയമാനുസൃത ആയുധം’ എന്ന തത്വം നടപ്പിലാക്കിക്കൊണ്ട് ഗസ്സയെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനാണ് ഫലസ്തീൻ അതോറിറ്റിയുടെ തീരുമാനം. ഹമാസ് നേതാക്കൾ നിലവിൽ ചർച്ചകൾക്കായി കെയ്റോയിൽ തുടരുകയാണ്.