28/03/2026
[fontresizer_tawhidurrahmandear_widget]

‘കേരളാ കോൺഗ്രസ് എം എവിടെയോ അവിടെ ഭരണമുണ്ട്’- മുന്നണി മാറ്റം തള്ളാതെ ജോസ് കെ മാണി

 ‘കേരളാ കോൺഗ്രസ് എം എവിടെയോ അവിടെ ഭരണമുണ്ട്’- മുന്നണി മാറ്റം തള്ളാതെ ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ ദിവസവും വിശദീകരിക്കേണ്ട കാര്യമില്ല. അഞ്ച് എം.എൽ.എമാരും പാർട്ടിയിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി മാറ്റത്തെക്കുറിച്ച് പാർട്ടിയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും, ഇടതുമുന്നണി വിടുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജോസ് കെ. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ കോൺഗ്രസ് കേന്ദ്രങ്ങൾ ഇപ്പോഴും പങ്കുവെക്കുന്നുണ്ട്. മുന്നണി വിടുമെന്ന വാർത്തകൾ തള്ളുമ്പോഴും ‘ഭരണപക്ഷത്തായിരിക്കും പാർട്ടി’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

Also read: