ശൈത്യകാലത്തെ നെഞ്ചുവേദന; ഹൃദയാഘാതമെന്ന് കരുതി പേടിക്കേണ്ടതുണ്ടോ? മാറ്റം തിരിച്ചറിയാൻ ഇതാ ചില വഴികൾ
ശൈത്യകാലത്ത് നെഞ്ചുവേദന വർധിക്കുന്നത് സാധാരണമാണ്. തണുപ്പ് കൂടുമ്പോൾ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പലപ്പോഴും ആളുകളിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്. പേശീവലിവ്, ശ്വസന പ്രശ്നങ്ങൾ എന്നിവ മുതൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വരെ ഇതിന് കാരണമാകാം. അതിനാൽ, ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ശൈത്യകാല നെഞ്ചുവേദനയുടെ കാരണങ്ങൾ
തണുപ്പ് കൂടുമ്പോൾ നെഞ്ചിലെ പേശികളും രക്തക്കുഴലുകളും മുറുകുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാക്സ് ആശുപത്രിയിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. സുനിൽ വാധ്വ വ്യക്തമാക്കുന്നുണ്ട്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ അണുബാധകൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആസിഡ് റിഫ്ലക്സ്, രക്തസമ്മർദ്ദം വർദ്ധിക്കുന്നത് എന്നിവയും ശൈത്യകാലത്ത് നെഞ്ചുവേദനയുണ്ടാക്കാം.
ഹൃദയാഘാതത്തിൽ നിന്നുള്ള വ്യത്യാസങ്ങൾ
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാകണമെന്നില്ല. ശൈത്യകാല നെഞ്ചുവേദനയെയും ഹൃദയാഘാതത്തെയും പ്രധാനമായും മൂന്ന് ഘടകങ്ങളിലൂടെ വേർതിരിക്കാം:
1.സ്ഥാനവും ഗുണനിലവാരവും: തണുപ്പ് മൂലമുള്ള വേദന പലപ്പോഴും മൂർച്ചയുള്ളതും ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വഷളാകുന്നതുമായിരിക്കും. എന്നാൽ ഹൃദയാഘാതമാണെങ്കിൽ നെഞ്ചിൽ കനത്ത ഭാരമോ ഇറുക്കമോ അനുഭവപ്പെടുകയും ആ വേദന കൈകൾ, താടിയെല്ല്, പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.
2.അനുബന്ധ ലക്ഷണങ്ങൾ: ഹൃദയാഘാതത്തോടൊപ്പം അമിതമായ വിയർപ്പ്, ശ്വാസതടസ്സം, ഓക്കാനം, തലകറക്കം എന്നിവ ഉണ്ടാകാം. പേശീവേദനയാണെങ്കിൽ അത് കഠിനമായ വ്യായാമത്തോടോ മറ്റോ ബന്ധപ്പെട്ടായിരിക്കും അനുഭവപ്പെടുക.
3.ദൈർഘ്യം: ഹൃദയാഘാത വേദന സാധാരണയായി 15-20 മിനിറ്റിലധികം നീണ്ടുനിൽക്കും. എന്നാൽ പേശി പിരിമുറുക്കം മൂലമുള്ള വേദന പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്നതാണ്.
ഡോക്ടറെ കാണേണ്ടത് എപ്പോൾ?
കഠിനവും വിട്ടുമാറാത്തതുമായ നെഞ്ചുവേദന അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. ശ്വാസം മുട്ടൽ, ബോധക്ഷയം, അമിതമായ വിയർപ്പ് എന്നിവയോടൊപ്പം വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ പടരുന്നുണ്ടെങ്കിൽ വൈകിക്കരുത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
ശൈത്യകാല നെഞ്ചുവേദന എങ്ങനെ തടയാം?
1.ചൂടോടെയിരിക്കുക: കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് പെട്ടെന്നുള്ള താപനില മാറ്റങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക.
2.വ്യായാമത്തിൽ ശ്രദ്ധ: തണുപ്പത്ത് കഠിനമായ വ്യായാമം ഒഴിവാക്കുക, ക്രമേണ തീവ്രത വർദ്ധിപ്പിക്കുക.
3.ഭക്ഷണക്രമം: പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ആസിഡ് റിഫ്ലക്സ് ഒഴിവാക്കാൻ അമിതഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുക.
4.ജലാംശം നിലനിർത്തുക: ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുക.
5.സമ്മർദ്ദം കുറയ്ക്കുക: യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
നെഞ്ചുവേദനയുടെ കാര്യത്തിൽ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ഉപദേശം തേടുന്നത് ഹൃദയാരോഗ്യം ഉറപ്പാക്കാൻ സഹായിക്കും.