മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്’
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. കഴിഞ്ഞ 10 വർഷമായി ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഹമാസിനെ വിളിച്ചുവരുത്തി സ്വീകരിക്കുന്നവർ മൂക്കിന് താഴെ നടക്കുന്ന ലൗ ജിഹാദുകളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലൗ ജിഹാദിനെക്കുറിച്ചോ ഹമാസിനെക്കുറിച്ചോ സംസാരിച്ചാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കുന്നതാണ് നിലവിലെ രീതിയെന്നും, അങ്ങനെയൊന്ന് ഇല്ലെങ്കിൽ അത് തെളിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.