04/03/2026
[fontresizer_tawhidurrahmandear_widget]

സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത രൂക്ഷം

 സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത രൂക്ഷം

എ.കെ.ജി സെന്‍റര്‍, എം.വി നികേഷ് കുമാര്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്.

പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. പാർട്ടി കേന്ദ്രങ്ങളിലും സൈബർ പോരാളികൾക്കിടയിലും നിലവിലെ പ്രചാരണ രീതികൾക്കെതിരെ പരക്കെ പരാതി ഉയർന്നിട്ടുണ്ട്.

അടുത്തിടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മുതൽ നിലവിലെ മേഖലാ ജാഥകൾ വരെ പാർട്ടിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ഫലപ്രദമായില്ലെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ ‘പെൻഷൻ തുക കൈമാറൽ’ സംഭവം പാർട്ടിക്ക് വലിയ തിരിച്ചടിയായി. മൊയ്തീൻകുട്ടി എന്നയാൾ പെൻഷൻ പണം എം.വി ഗോവിന്ദന് നൽകുന്നതും അദ്ദേഹം അത് തിരിച്ചുനൽകുന്നതും വലിയ പ്രചാരണമായി സൈബർ ടീം ആഘോഷിച്ചിരുന്നു. എന്നാൽ, നേതാക്കൾ പറഞ്ഞിട്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് മൊയ്തീൻകുട്ടി പിന്നീട് വെളിപ്പെടുത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇത്തരത്തിലുള്ള പാളിച്ചകളാണ് മുതിർന്ന മാധ്യമപ്രവർത്തകരെ ടീം വിടാൻ പ്രേരിപ്പിച്ചത്.

മുഴുസമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിലേക്ക് ഇറങ്ങിയ നികേഷ് കുമാറിനെ എ.കെ.ജി സെന്ററിൽ എത്തിച്ചതും സൈബർ ടീമിന്റെ ചുമതല ഏൽപ്പിച്ചതും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു. നികേഷിനെതിരെ പാർട്ടിയിൽ വിമർശനങ്ങൾ ഉയർന്നപ്പോഴെല്ലാം ഗോവിന്ദൻ അദ്ദേഹത്തിന് സംരക്ഷണം നൽകി പോരുകയായിരുന്നു.

ദേശാഭിമാനിയിലെ പരിചയസമ്പന്നരായ എഡിറ്റർമാർ കൂടി ഒഴിഞ്ഞതോടെ സിപിഎമ്മിന്റെ സൈബർ വിഭാഗം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത പാർട്ടി അനുഭാവികൾ പോലും സൈബർ ഇടപെടലുകളിലെ വീഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

Also read: