സ്വർണവിലയിൽ വൻ വീഴ്ച: ഒറ്റയടിക്ക് കുറഞ്ഞത് 3,680 രൂപ; പവന് 1,13,240 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം രാവിലെ സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വിൽപന പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായും, പവന് 3008 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വലിയ തോതിലുള്ള വിലക്കുറവ്
രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കുറവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 54.77 ഡോളർ കുറഞ്ഞ് 4870.1 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ പവന് 4,840 രൂപ വരെ വർധിച്ച് 1,17,720 എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയ ശേഷമാണ് വിപണി ഇപ്പോൾ താഴേക്ക് വരുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാം.