അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ തകർക്കാൻ സൂപ്പർസോണിക് മിസൈലുകൾ വരുന്നു; ചൈന-ഇറാൻ കരാർ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
തെഹ്‌റാൻ/ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കൻ നാവികസേനയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി ഇറാന്റെ സുപ്രധാന നീക്കം. ചൈനയിൽനിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലുകൾ വാങ്ങാനുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ് ഇറാനെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ കൂറ്റൻ വിമാനവാഹിനി കപ്പലുകളെപ്പോലും തകർക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത ‘സിഎം-302’ മിസൈലുകളാണ് ഇറാൻ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
‘റോയിട്ടേഴ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷമായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ഇറാൻ നടപടികൾ വേഗത്തിലാക്കിയത്. ചൈനയുടെ വൈജെ-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സിഎം-302. കരാർ ഒപ്പിടുന്നതിന് തൊട്ടരികിലാണെങ്കിലും മിസൈലുകൾ എന്ന് കൈമാറുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി മസൂദ് ഒറേയ് കരാർ ചർച്ചകൾക്കായി ചൈന സന്ദർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഈ മിസൈലുകൾക്ക് 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. കടലിനോട് ചേർന്ന് പറക്കുന്നതിനാൽ റഡാറുകൾക്ക് ഇവയെ കണ്ടെത്താൻ പ്രയാസമാണ്. ‘ഇറാൻ ഈ സൂപ്പർസോണിക് മിസൈലുകൾ സ്വന്തമാക്കിയാൽ അത് മേഖലയിലെ കളി മാറ്റും. ഇവയെ പ്രതിരോധിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്,’-പുതിയ വാർത്തകളോട് മുൻ ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥനും നിലവിൽ ഐഎൻഎസ്എസ് ഗവേഷകനുമായ ഡാനി സിട്രിനോവിക്‌സ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ മിസൈലുകൾ ഇറാൻ സ്വന്തമാക്കുന്നത് അമേരിക്കയ്ക്ക് വലിയ ഭീഷണിയാണ്. നിലവിലുള്ള കപ്പൽവേധ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ സിഎം-302 മിസൈലുകൾക്ക് സാധിക്കും. ഇറാൻ ആണവ ചർച്ചകൾക്കായി ജനീവയിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് ആയുധ കരാർ വാർത്ത പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
യുഎൻ ഉപരോധങ്ങൾ ലംഘിച്ചുകൊണ്ടാണ് ചൈനയും ഇറാനും തമ്മിലുള്ള ഈ ആയുധ ഇടപാട് നടക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും ഇത് വകവെച്ചിട്ടില്ല. തങ്ങളുടെ സഖ്യകക്ഷികളുമായുള്ള സൈനിക കരാറുകൾ ഉപയോഗിക്കാൻ പറ്റിയ സമയമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.