01/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ അഞ്ചാം കപ്പൽപടയുടെ സർവീസ് സെന്റർ തകർത്ത് ഇറാൻ മിസൈലുകൾ; ആക്രമണം സ്ഥിരീകരിച്ച് ബഹ്‌റൈൻ

 അമേരിക്കയുടെ അഞ്ചാം കപ്പൽപടയുടെ സർവീസ് സെന്റർ തകർത്ത് ഇറാൻ മിസൈലുകൾ; ആക്രമണം സ്ഥിരീകരിച്ച് ബഹ്‌റൈൻ

മനാമ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം. ബഹ്‌റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ നാവിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായി ബഹ്‌റൈനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനയുടെ സർവീസ് സെന്ററിന് നേരെയാണ് മിസൈലുകൾ പതിച്ചത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം, അതിശക്തമായ മിസൈലാക്രമണത്തിൽ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്റർ ഏതാണ്ട് പൂർണമായും തകർന്നതായാണു വിവരം.

ആക്രമണവിവരം ബഹ്‌റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററും ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടർന്ന് നാവികതാവളത്തിൽനിന്ന് വൻ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം അടിയന്തര അപായ സൈറണുകൾ മുഴക്കി. പൊതുജനങ്ങളോടും അമേരിക്കൻ പൗരന്മാരോടും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളുടെ സുരക്ഷാ ചുമതലയുള്ള അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേർക്കുണ്ടായ ആക്രമണത്തെ അമേരിക്ക അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

ബഹ്‌റൈന് പുറമെ, യുഎഇ തലസ്ഥാനമായ അബുദാബിയിലെയും ഖത്തറിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ നഗരങ്ങളിലും വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടു. അതേസമയം, ഖത്തറിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി വന്ന മിസൈലുകളെ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് അത്യാധുനിക പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read: