02/03/2026
[fontresizer_tawhidurrahmandear_widget]

‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി അരാഗ്ചി

 ‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി അരാഗ്ചി

അബ്ബാസ് അരാഗ്ചി

ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17-ാമത് ‘അൽ ജസീറ’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമേരിക്ക ഇറാനെ ആക്രമിച്ചാൽ, മേഖലയിലെ അവരുടെ താവളങ്ങൾ ഞങ്ങൾ ആക്രമിക്കും. അവ ഞങ്ങൾക്ക് എളുപ്പത്തിൽ ലക്ഷ്യമിടാൻ സാധിക്കുന്നവയാണ്. അയൽരാജ്യങ്ങളുടെ മണ്ണിൽ ആക്രമണം നടത്തില്ല. അമേരിക്കൻ താവളങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ ആക്രമണം നടക്കൂ’-അരാഗ്ചി വ്യക്തമാക്കി.

ഏത് ശത്രുതാപരമായ നീക്കത്തോടും നിമിഷനേരം കൊണ്ട് ശക്തമായി പ്രതികരിക്കാൻ ഇറാൻ സൈന്യം പൂർണസജ്ജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ മിസൈൽ പദ്ധതിയിൽ ഒരു ചർച്ചയുമില്ല. അത് പൂർണമായും രാജ്യത്തിന്റെ പ്രതിരോധാവശ്യങ്ങൾക്കുള്ളതാണെന്നും അരാഗ്ചി ആവർത്തിച്ചു.

യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും ഈ പ്രക്രിയ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക ആക്രമണങ്ങൾ കൊണ്ട് ഇറാന്റെ കഴിവുകളെ ഇല്ലാതാക്കാൻ കഴിയില്ല. പൂജ്യം ശതമാനം യുറേനിയം സമ്പുഷ്ടീകരണം എന്ന ആശയത്തെ പൂർണമായും തള്ളിക്കളയുന്നതായും അരാഗ്ചി വ്യക്തമാക്കി.

ഒമാനിലെ മസ്‌കത്തിൽ നടന്ന ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ വട്ട ആണവ ചർച്ചകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ചർച്ചകൾ നല്ല തുടക്കമാണെന്നായിരുന്നു പ്രതികരണം. എന്നാൽ, പരസ്പര വിശ്വാസം വീണ്ടെടുക്കാൻ ഇനിയും ഏറെദൂരം സഞ്ചരിക്കാനുണ്ട്. അമേരിക്കയുമായുള്ള ചർച്ചകൾ പരോക്ഷമായിരുന്നുവെന്നും ആണവ വിഷയം മാത്രമാണ് ചർച്ച ചെയ്തത്. കൃത്യമായ സാമ്പത്തിക നേട്ടങ്ങളില്ലാത്ത ഒരു കരാറിനും ഇറാൻ വിലകൽപ്പിക്കുന്നില്ലെന്നും അബ്ബാസ് അരാഗ്ചി ഓർമിപ്പിച്ചു.

Also read: