ആക്രമണം ഭയന്ന് ഇസ്രയേൽ; ഇറാൻ മിസൈലുകൾ പതിക്കുന്നത് അനുകരിച്ച് മോക്ക്ഡ്രില്ലുമായി ഐഡിഎഫ്
തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്യുന്നു. തന്ത്രപ്രധാന മേഖലകളിലും ജനവാസകേന്ദ്രങ്ങളിലുമെല്ലാം മോക്ക്ഡ്രിൽ നടന്നു. അന്തരീക്ഷത്തിന് പുറത്തുവെച്ച് തന്നെ മിസൈലുകളെ തകർക്കുന്ന ‘ആരോ’ സംവിധാനവും, ഹ്രസ്വദൂര റോക്കറ്റുകളെ തകർക്കുന്ന ‘അയേൺ ഡോം’ എന്നിവയും അഭ്യാസത്തിൽ പരീക്ഷിച്ചു.
രാജ്യവ്യാപകമായി അപായ സൈറണുകൾ മുഴക്കി ജനങ്ങളുടെ പ്രതികരണം വിലയിരുത്തി. നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ സുരക്ഷിത താവളങ്ങളിലേക്കും ബങ്കറുകളിലേക്കും മാറ്റുന്നത് പരിശീലിച്ചു. മിസൈൽ പതിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മോക്ക്ഡ്രില്ലുകൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇസ്രയേൽ യുദ്ധസജ്ജമാകുമ്പോഴും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് അമേരിക്കയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ശ്രമിക്കുന്നത്. ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അങ്കാറയിൽ വച്ച് ഇറാൻ-അമേരിക്ക ഉന്നതതല യോഗം നടത്താൻ നീക്കം നടക്കുന്നുണ്ട്.
വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തേക്കും. ഗസ്സ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച അതേ രാജ്യങ്ങളാണ് ഇപ്പോഴും സമാധാന നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ദൂതന്മാർ വഴി അറിയിച്ചതായി ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക നടപടിയിൽ പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
മധ്യസ്ഥ നീക്കങ്ങൾ ഫലപ്രദമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. ന്യായമായ കരാറിന് അമേരിക്ക തയാറാണെങ്കിൽ ചർച്ചയാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചർച്ചകൾക്കുള്ള ചട്ടക്കൂട് രൂപപ്പെട്ടുവരുന്നതായി ഇറാൻ ഉന്നത നേതാവ് അലി ലാരിജാനിയും എക്സിൽ കുറിച്ചു.