‘കണ്ടും മിണ്ടിയും ഇരുവർ’; പിണറായി വിജയനും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖ സംഭാഷണം, ടീസർ ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെ, വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട നീക്കവുമായി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള പ്രത്യേക അഭിമുഖ സംഭാഷണം സർക്കാർ പുറത്തുവിടുന്നു. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ടീസർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. “ജനങ്ങൾ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേർ” എന്ന വിശേഷണത്തോടെയുള്ള പരിപാടിയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോഹൻലാൽ സംഭാഷണത്തിന് എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനപ്രിയ താരത്തെ തന്നെ ഒപ്പമിരുത്തി ഭരണനേട്ടങ്ങളും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നത് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. രാഷ്ട്രീയവും കലയും ഒത്തുചേരുന്ന സംഭാഷണത്തിൽ എന്തൊക്കെ കാര്യങ്ങളാകും ഇരുവരും പങ്കുവെക്കുക എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.