ഫോൺ നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത; 34,000 മൊബൈലുകൾ കണ്ടെത്തി കേരള പോലീസ്, ഉടമകൾക്കെല്ലാം സന്ദേശമയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട മുപ്പത്തിനാലായിരം മൊബൈൽ ഫോണുകൾ കേരള പോലീസ് സൈബർ സെൽ കണ്ടെത്തി. ഫോണുകൾ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (CEIR) പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫോൺ വീണ്ടെടുക്കുന്നതിനായി പരാതി നൽകിയ സ്റ്റേഷനുമായോ തൊട്ടടുത്ത പോലീസ് സ്റ്റേഷനുമായോ ഉടൻ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമല്ലെന്നും സൈബർ വിങ് എസ്.പി.യുടെ നിർദ്ദേശപ്രകാരം അയക്കുന്ന ഔദ്യോഗിക സന്ദേശങ്ങളാണെന്നും പോലീസ് സ്ഥിരീകരിച്ചു. തീർപ്പാകാതെ കിടന്നിരുന്ന പരാതികൾ പരിഹരിക്കാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബർ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവിലൂടെയാണ് ഇത്രയധികം ഫോണുകൾ വീണ്ടെടുക്കാനായത്.
കണ്ടെത്തിയവയിൽ പന്ത്രണ്ടായിരത്തോളം ഫോണുകൾ കേരളത്തിലുള്ളവരുടേതാണ്. ശബരിമല സീസണിൽ പമ്പ സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ മാത്രം 1,200 ഫോണുകൾ കണ്ടെത്താനായി. ഇതിൽ ഭൂരിഭാഗം ഉടമകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ട ആയിരക്കണക്കിന് ആളുകൾക്ക് പോലീസിന്റെ നടപടി വലിയ ആശ്വാസമായിരിക്കുകയാണ്.