02/03/2026
[fontresizer_tawhidurrahmandear_widget]

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

 മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് ശതമാനം സംവരണം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

2014ൽ അന്നത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണ് നിലവിലെ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങളെ ‘സ്‌പെഷ്യൽ ബാക്ക്വേർഡ് കാറ്റഗറി (A)’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു അന്ന് സംവരണം പ്രഖ്യാപിച്ചത്. എന്നാൽ ഓർഡിനൻസ് പിന്നീട് നിയമമായി മാറിയിരുന്നില്ല. നിയമസഭാ കാലാവധി കഴിഞ്ഞതും നിയമപരമായ തുടർനടപടികൾ ഇല്ലാത്തതും കാരണം ഇത് കാലഹരണപ്പെട്ടതാണെന്നും, ഇപ്പോഴത്തെ നടപടി കേവലം ഔദ്യോഗിക സ്ഥിരീകരണം മാത്രമാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.

സർക്കാർ നടപടി വിവേചനപരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു അസിം ആസ്മി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സംവരണം ബോംബെ ഹൈക്കോടതി ശരിവെച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ തുടർച്ചയായി വന്ന ബിജെപി സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് ആരോപിച്ചു. സർക്കാരിന്റേത് ‘ന്യൂനപക്ഷ വിരുദ്ധ മനോഭാവ’മാണെന്നും ബിജെപിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ മുദ്രാവാക്യത്തിന് വിരുദ്ധമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ബിജെപി സഖ്യത്തിലുള്ള മുസ്ലീം നേതാക്കൾക്ക് പോലും നീതി ലഭിക്കില്ലെന്നതിന് തെളിവാണ് ഈ നീക്കമെന്ന് എൻസിപി (ശരദ് പവാർ) വിഭാഗം വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പ്രതികരിച്ചു. മുസ്ലീം യുവാക്കളെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളും മറ്റ് ക്ഷേമപദ്ധതികളും സർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ മന്ത്രി നസീം ഖാനും കുറ്റപ്പെടുത്തി.

Also read: