മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല; പൊടി ചേർക്കുന്നത് ചെറിയ അളവിൽ മാത്രം-മിൽമ ചെയർമാൻ കെ.എസ് മണി
മില്‍മ ചെയര്മാന് കെ.എസ് മണി
തിരുവനന്തപുരം: പാലിൽ മുഴുവൻ പാൽപ്പൊടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ മിൽമയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. നിയമപ്രകാരം ആവശ്യമായ ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് ചെറിയ തോതിൽ പൊടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് കെ.എസ് മണിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ നിയമപ്രകാരം 8.5 എസ്.എൻ.എഫും മൂന്ന് ശതമാനം കൊഴുപ്പും ഉണ്ടായിരിക്കണം. എന്നാൽ, സംസ്ഥാനത്ത് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 മാത്രമാണ്. നിയമപ്രകാരമുള്ള ഈ കുറവ് പരിഹരിക്കാൻ മാത്രമാണ് പാൽപ്പൊടി ചേർക്കുന്നത്. പാലിൽനിന്ന് വെള്ളം നീക്കം ചെയ്ത് ഉണക്കിയെടുക്കുന്നതാണ് പാൽപ്പൊടിയെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിശ്ചിത ഗുണനിലവാരമില്ലാതെ പാൽ വിപണിയിലെത്തിച്ചാൽ മിൽമ എം.ഡിക്കും ചെയർമാനുമെതിരെ കേസ് വരാൻ വരെ സാധ്യതയുണ്ട്. പാൽപ്പൊടി ചേർക്കാത്ത പാൽ ആവശ്യമുള്ളവർക്കായി 8.4 എസ്.എൻ.എഫും മൂന്ന് ഫാറ്റും അടങ്ങിയ പാൽ ലഭ്യമാണ്. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സ്ഥാപനമല്ല മിൽമയെന്നും ഉപഭോക്താക്കളുടെ വിശ്വാസമാണ് സ്ഥാപനത്തിന്റെ വിജയമെന്നും കെ.എസ് മണി കൂട്ടിച്ചേർത്തു.
മിൽമ പാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വേദിയിൽ പറഞ്ഞു. ക്ഷീരകർഷകരിൽനിന്ന് പാൽ സംഭരിക്കുമ്പോൾ തന്നെ ഗുണനിലവാരം ഉറപ്പാക്കിയാണ് വില നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.