എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ
എം.വി ഗോവിന്ദന്‍
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി, അടുത്ത എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യം സമ്പൂർണ ദാരിദ്ര്യ നിർമാർജനമായിരിക്കുമെന്ന് ഗോവിന്ദൻ പ്രഖ്യാപിച്ചു.
മലപ്പുറം മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് അതിശക്തമായ, കേന്ദ്രീകൃത ജനവിഭാഗങ്ങളുടെ പിന്തുണയുള്ള ജില്ലയാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.