‘മൊയ്തീനേ ചെറുതായൊന്ന് പാളി’; എം.വി ഗോവിന്ദന് പെൻഷൻ പണം നൽകിയത് പിആർ സ്റ്റണ്ടെന്ന് വിവാദം, തിരുത്തിപ്പറഞ്ഞ് വയോധികൻ
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്.
ജാഥാ വേദിയിലെത്തിയ മൊയ്തീൻ, തനിക്ക് സർക്കാരിൽനിന്ന് കിട്ടിയ പെൻഷൻ തുകയാണെന്നും യുഡിഎഫ് വന്നാൽ പെൻഷൻ കിട്ടില്ലെന്നും പറഞ്ഞാണ് പണം കൈമാറിയത്. എം.വി ഗോവിന്ദൻ ആ പണം സ്നേഹപൂർവം നിരസിച്ച് മൊയ്തീന്റെ പോക്കറ്റിൽ തന്നെ തിരികെ ഇട്ടുകൊടുത്തു. ഈ ദൃശ്യങ്ങൾ പാർട്ടി അനുകൂലികൾ വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ മൊയ്തീന്റെ പ്രതികരണം പുറത്തുവന്നതോടെയാണ് പാർട്ടി വെട്ടി ലായത്. നേതാക്കൾ പറഞ്ഞിട്ടാണ് താൻ പണം നൽകിയതെന്നും, പണം നൽകിയാൽ അദ്ദേഹം അത് തിരികെ നൽകുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നതായും മൊയ്തീൻ വീഡിയോയിൽ വെളിപ്പെടുത്തി. ഇതോടെയാണ് പാർട്ടിയുടെ പിആർ വർക്ക് പാളിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. ‘മൊയ്തീനേ പണി പാളി’ എന്ന ഹാഷ്ടാഗോടെ വീഡിയോ ട്രോളുകളായി മാറി.
വിവാദം കൊഴുത്തതോടെ തന്റെ ആദ്യ വെളിപ്പെടുത്തൽ തിരുത്തി മൊയ്തീൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പണം നൽകിയതെന്നും പാർട്ടിയോടുള്ള കൂറ് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമാണ് നിലവിലെ വിശദീകരണം. ആരും തന്നെ നിർബന്ധിച്ചതല്ലെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നു.
പാർട്ടിക്കുള്ളിലെ പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരം വയോധികനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് പാർട്ടിയെ നാണം കെടുത്തിയെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. ശുദ്ധനായ വയോധികനെ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിച്ചത് ശരിയായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിവാദം പുകയുമ്പോഴും സംഭവത്തിൽ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.