02/03/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’; പരിഹാസവുമായി യൂത്ത് കോൺഗ്രസ്

 ‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’; പരിഹാസവുമായി യൂത്ത് കോൺഗ്രസ്

വീണാ ജോര്‍ജ്, ഒ.ജെ ജനീഷ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ ആകുന്ന രീതിയിലാണ് മന്ത്രിയുടെ പെരുമാറ്റമെന്ന് അദ്ദേഹം ആരോപിച്ചു.

‘മുദ്രാവാക്യം വിളിയുടെ ശക്തികൊണ്ട് സ്വയം പരിക്കേറ്റ കേരളത്തിലെ ആദ്യ മന്ത്രി എന്ന ബഹുമതി വീണാ ജോർജിനാണ്. കരിങ്കൊടി വീശിയ കാറ്റിൽ കഴുത്തിന് പരിക്കേൽക്കുമോ? ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് നടന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തിയ മന്ത്രി സ്പീക്കർ ഷംസീറിനെ കാണുന്നത് വരെ പരിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, ഷംസീറിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതോടെയാണ് പരിക്കേറ്റ നാടകം ആരംഭിച്ചതെന്നും ജനീഷ് ആരോപിച്ചു.

‘ആരാണ് ആക്രമിക്കാൻ പോയത്? കെഎസ്‌യുക്കാരാണോ അതോ മന്ത്രിയാണോ? പ്രതിഷേധക്കാരെ തെറിവിളിക്കാൻ മന്ത്രി വാഹനത്തിന്റെ ചില്ല് താഴ്ത്തി പുറത്തേക്ക് വരികയായിരുന്നു. മന്ത്രിയുടെ അടുത്തേക്ക് ഒരാൾക്ക് പോലും എത്താൻ സാധിക്കാത്ത വിധം പോലീസ് സുരക്ഷ ഉണ്ടായിരിക്കെ എങ്ങനെയാണ് പരിക്കേൽക്കുന്നത്? ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തക്കവിധം എന്ത് പരിക്കാണ് മന്ത്രിക്ക് സംഭവിച്ചത്? പ്രതിഷേധക്കാരെ കണ്ട് വാഹനത്തിൽ നിന്നിറങ്ങി അവരെ ആക്ഷേപിക്കുന്നത് ഒരു മന്ത്രിക്ക് ചേർന്നതാണോ?’-യൂത്ത് കോൺഗ്രസ് നേതാക്കൾ ചോദിച്ചു.

പോലീസ് മന്ത്രിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നല്ലാതെ, ഒരു കെഎസ്‌യു പ്രവർത്തകനും മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് ജനീഷ് വ്യക്തമാക്കി. മന്ത്രി കുറച്ചുകൂടി പക്വത കാണിക്കണം. പ്രതിഷേധങ്ങളെ ജനാധിപത്യപരമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: