02/03/2026
[fontresizer_tawhidurrahmandear_widget]

സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

 സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വൻ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കും പ്രതിപക്ഷം നോട്ടീസ് നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയുമായി ബന്ധപ്പെട്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷൻ സ്വീകരിക്കുന്ന നിലപാടുകളിലും പ്രതിപക്ഷത്തിന് ശക്തമായ വിയോജിപ്പുണ്ട്. ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ നീക്കം ചെയ്യുന്നതിനായുള്ള സങ്കീർണമായ നിയമനടപടികളിലേക്കാണ് പ്രതിപക്ഷം കടക്കുന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ശിക്ഷാനടപടികളിൽനിന്ന് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് നടപ്പാക്കിയ നിയമത്തിനെതിരെ പ്രതിപക്ഷം നേരത്തെ തന്നെ ശക്തമായ വിമർശനമുയർത്തുന്നുണ്ട്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനും വോട്ടർ പട്ടിക ക്രമക്കേടുകൾ മറച്ചുവയ്ക്കാനുമുള്ള നീക്കമായാണ് പ്രതിപക്ഷം ഈ നിയമനിർമാണത്തെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണിപ്പോൾ ഗ്യാനേഷ് കുമാറിനെ നേരിട്ടു തന്നെ പുറത്താക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നത്.

ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പ്രവർത്തനങ്ങൾ പക്ഷപാതപരമാണെന്നും പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം നേരത്തെ അവിശ്വാസ പ്രമേയ നീക്കങ്ങൾ തുടങ്ങിയത്. സഭാനടപടികളിൽ പ്രതിപക്ഷത്തിന് അർഹമായ സമയം അനുവദിക്കുന്നില്ലെന്നും നിർണായക വിഷയങ്ങളിൽ ചർച്ചകളിൽനിന്ന് സ്പീക്കർ ഒഴിഞ്ഞുമാറുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ ഒപ്പിട്ട നോട്ടീസ് വരും ദിവസങ്ങളിൽ സ്പീക്കറുടെ ഓഫീസിന് കൈമാറാനിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടി ഉന്നമിട്ടുള്ള നീക്കങ്ങൾ നടക്കുന്നത്.

ലോക്സഭയിൽ സ്പീക്കർക്കെതിരെയോ സിഇസിക്കെതിരെയോ പ്രമേയം പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം നിലവിൽ പ്രതിപക്ഷത്തിനില്ല. എങ്കിലും, ഈ നീക്കത്തിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

അടുത്ത മാസം പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ ഈ വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുമെന്ന് ഉറപ്പായി. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയ നീക്കങ്ങൾ വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Also read: