ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി; ജിമ്മിൽ അംഗത്വമെടുത്തു, കുടുംബത്തെ ആശ്വസിപ്പിച്ചു
ദീപക് കുമാറിനെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ വസതിയില്‍ സ്വീകരിക്കുന്നു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വയോധികനായ മുസ്ലിം കച്ചവടക്കാരനെ ബജ്റങ്ദൾ സംഘത്തിൽനിന്നു രക്ഷിച്ചു വാർത്തകളിൽ നിറഞ്ഞ ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ദീപക് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ദീപകിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിസന്ധിയിലുള്ള ദീപക്കിന്റെ ജിമ്മിൽ രാഹുൽ അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധി നേരത്തെ വിളിക്കുകയും നേരിൽകാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും പേടിക്കേണ്ടെന്നും വളരെ നല്ല കാര്യമാണു ചെയ്തതെന്നും രാഹുൽ വ്യക്തമാക്കി. ഭാര്യയെയും കുടുംബത്തെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചതായും ദീപക് പറഞ്ഞു. സോണിയ ഗാന്ധിയും വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കോട്ദ്വാറിലെ തന്റെ ജിമ്മിൽ രാഹുൽ ഗാന്ധി മെമ്പർഷിപപ്പ് എടുത്തിട്ടുണ്ട്. ഒരു ദിവസം കോട്ദ്വാറിൽ വരുമെന്നും ജിം സന്ദർശിക്കുമെന്നും രാഹുൽ വാക്കുതന്നതായും ദീപക് കുമാർ കൂട്ടിച്ചേർത്തു.
റിപബ്ലിക് ദിനമായ ജനുവരി 26-നാണ് ദീപക്കിനെ രാജ്യശ്രദ്ധയിലെത്തിച്ച സംഭവം നടന്നത്. പാർക്കിൻസൺസ് രോഗിയായ മുഹമ്മദ് സലീം എന്ന 70 വയസ്സുകാരന്റെ തയ്യൽക്കടയുടെ പേരായ ‘ബാബ ടെയ്ലേഴ്സ്’ എന്നതുമായി ബന്ധപ്പെട്ടാണ് ഒരു കൂട്ടം ബജ്റങ്ദൾ പ്രവർത്തകർ പ്രശ്നമുണ്ടാക്കിയത്. ‘ബാബ’ എന്നത് ഹിന്ദു സന്യാസിമാരെ വിളിക്കുന്നതാണെന്നും ആ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയും അധിക്ഷേപവും. ഈ സമയം സമീപത്തെ ‘ഹൾക്ക് ജിം’ നടത്തുന്ന 38-കാരനായ ദീപക് മടിയേതുമില്ലാതെ സലീമിന് രക്ഷകനായി ഇടപെടുകയായിരുന്നു.
ആൾക്കൂട്ടം ദീപക്കിന്റെ പേരും വിവരങ്ങളും ചോദിച്ചപ്പോൾ, ആക്രമിക്കപ്പെട്ട കച്ചവടക്കാരനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്നാണ് അദ്ദേഹം യാതൊരു ഭയവുമില്ലാതെ മറുപടി നൽകിയത്. ദീപക്കിന്റെ ധീരമായ ഇടപെടൽ ആ സമയത്ത് പ്രശ്നം ശാന്തമാക്കിയെങ്കിലും, പ്രദേശവാസികളിൽ ചിലർ അദ്ദേഹത്തിന്റെ ബിസിനസ്സ് ബഹിഷ്കരിച്ചു. ഇതോടെ ദീപക്കിന്റെ ജിമ്മിലെ അംഗങ്ങളുടെ എണ്ണം 150-ൽ നിന്ന് വെറും 15 ആയി കുത്തനെ കുറഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, രാജ്യത്തുടനീളമുള്ള മതേതര വിശ്വാസികളിൽനിന്ന് ദീപക്കിന് വലിയ പ്രശംസ ലഭിച്ചിരുന്നു.
ദീപക്കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ഓരോ മനുഷ്യനും തുല്യരാണ്. ഇതാണ് ഇന്ത്യത്വം. ഇതാണ് സ്നേഹത്തിന്റെ കട. ഉത്തരാഖണ്ഡിൽനിന്നുള്ള സഹോദരൻ ‘മുഹമ്മദ് ദീപക്കി’നെ കണ്ടു. ഐക്യത്തിന്റെയും ധൈര്യത്തിന്റെയും ഇത്തരം ജ്വാലകൾ ഓരോ യുവ ഇന്ത്യക്കാരനിലും കത്തണം’-പോസ്റ്റിൽ രാഹുൽ കുറിച്ചു.
ഇന്ത്യൻ നാഷനൽ കോൺഗ്രസും ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചു. ‘മുഹമ്മദ് ദീപക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ധീരതയുടെയും മാതൃകയാണ്. രാജ്യത്തെ ഓരോ യുവാക്കൾക്കും അനീതിക്കും വിദ്വേഷത്തിനുമെതിരെ പോരാടാൻ ഇത് പ്രചോദനമാകും’-പോസ്റ്റിൽ കുറിച്ചു. ദീപക് ‘സ്നേഹത്തിന്റെ കട’യിലെ പോരാളിയാണ്. രാജ്യം മുഴുവൻ അദ്ദേഹത്തിൽ അഭിമാനിക്കുന്നുവെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് കോട്ദ്വാർ പോലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബജ്റങ്ദൾ പ്രവർത്തകർക്കെതിരെയും, ദീപക്കിനെ ഭീഷണിപ്പെടുത്തിയ അജ്ഞാതർക്കെതിരെയുമാണ് കേസുകൾ. ഇതിന് പുറമെ ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ ദീപക്കിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ, ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
തനിക്കുണ്ടായ തിരിച്ചടികളിൽ തളരാതെ, രാജ്യത്തുടനീളം സ്നേഹവും സാഹോദര്യവും വളർത്തുന്നതിനായി തന്റെ സുഹൃത്ത് വിജയ് റാവത്തിനൊപ്പം ‘ഇൻസാനിയത്ത് ജോഡോ യാത്ര’ (മാനുഷിക ഐക്യ യാത്ര) നടത്താനുള്ള പദ്ധതികളും ദീപക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മനുഷ്യൻ ചെയ്യേണ്ടത് മാത്രമാണ് താൻ ചെയ്തതെന്നാണ് തന്റെ പ്രവൃത്തിയെക്കുറിച്ച് ദീപക് പ്രതികരിച്ചത്. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് രാഹുൽ ഗാന്ധി നൽകുന്ന പിന്തുണ വലിയ രാഷ്ട്രീയ സന്ദേശം കൂടിയാണ് നൽകുന്നത്.