ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് മർദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ശാസ്താംകോട്ട: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് നിലവിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 10:30ഓടെ ഉത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവായ ഭിന്നശേഷി യുവാവിനെ ഒരു സംഘം മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കണ്ടാലറിയാവുന്ന 10 ഓളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികളായ ആകാശ്, അച്ചു, നന്ദു, കിച്ചു വിഷ്ണു എന്നിവർ ഉൾപ്പെടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ നിലവിൽ ഒളിവിലാണെ്. മർദനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പെട്ടെന്നുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.