02/03/2026
[fontresizer_tawhidurrahmandear_widget]

ജനസാഗരം സാക്ഷി, ചരിത്രം ഈ മഹാസംഗമം! സമസ്ത ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢപരിസമാപ്തി

 ജനസാഗരം സാക്ഷി, ചരിത്രം ഈ മഹാസംഗമം! സമസ്ത ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢപരിസമാപ്തി

കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും.

വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർ-മംഗളൂരു ദേശീയപാതയോരത്ത് പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയിൽ നിർമ്മിച്ച കൂറ്റൻ വേദിക്ക് മുന്നിൽ തിരമാലകൾ പോലെ ജനസഞ്ചയം ഇരമ്പിയാർത്തു.

ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെ പാരമ്പര്യം വരുംതലമുറക്ക് കൈമാറാനുള്ള പ്രതിജ്ഞാബദ്ധത സമ്മേളനം ഊട്ടിയുറപ്പിച്ചു. ഇരുപെരുന്നാളുകൾക്കും (ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ) സർക്കാർ മൂന്ന് ദിവസം വീതം അവധി നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. യു.എ.ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് അന്താരാഷ്ട്ര മാനം നൽകി.

സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സമസ്തയുടെ ശതാബ്ദി അവാർഡ് സമ്മാനിച്ചു. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപകൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയയെ ചടങ്ങിൽ ആദരിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ശതാബ്ദി സന്ദേശം കൈമാറി. എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായയുടെ സമാപന പ്രാർത്ഥനയോടെ, പുതിയ നൂറ്റാണ്ടിലേക്കുള്ള കർമപഥത്തിൽ മുന്നേറുമെന്ന ഉറച്ച തീരുമാനവുമായി ജനസാഗരം പിരിഞ്ഞു.

Also read: