04/03/2026
[fontresizer_tawhidurrahmandear_widget]

മമതയുടെ പോരാട്ടത്തിന് ആദ്യ വിജയം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

 മമതയുടെ പോരാട്ടത്തിന് ആദ്യ വിജയം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനാ(എസ്‌ഐആർ) നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജിയിൽ ഇടപെടലുമായി സുപ്രീം കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്കും നോട്ടീസ് അയച്ചു. മമത നേരിട്ടെത്തി വാദിച്ച കേസിലാണ് കോടതിയുടെ ഇടപെടൽ. കേസ് ഫെബ്രുവരി 9-ന് വീണ്ടും പരിഗണിക്കും.

വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും വലിയ പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും, പേരുകളിലെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ പോലും വോട്ടർമാർക്ക് നോട്ടീസ് നൽകുന്നുണ്ടെന്നും മമത ബാനർജി കോടതിയിൽ വാദിച്ചു. ബംഗാളി ഉച്ചാരണവും അക്ഷരവും തമ്മിലുള്ള വ്യത്യാസങ്ങൾ (ഉദാഹരണത്തിന് ‘ദത്ത’, ‘ബാനർജി’ തുടങ്ങിയ പേരുകൾ എഴുതുന്നതിലെ മാറ്റങ്ങൾ) വോട്ടർമാരെ ഒഴിവാക്കാൻ കാരണമാകരുതെന്ന് കോടതി നിരീക്ഷിച്ചു. നോട്ടീസുകൾ അയക്കുമ്പോൾ ശ്രദ്ധിക്കണം. പ്രശസ്തരായ എഴുത്തുകാരെയും മറ്റും ഇത്തരത്തിൽ ഒഴിവാക്കാൻ പാടില്ലെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.

ബംഗാളിലെ പ്രാദേശിക ഭാഷാപരമായ പ്രത്യേകതകൾ കണക്കിലെടുക്കണമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ചൂണ്ടിക്കാട്ടി. ‘വ’ എന്ന അക്ഷരം ബംഗാളിയിൽ ഇല്ലാത്തതും പേരുകളിലെ ഉച്ചാരണ വ്യത്യാസങ്ങളും അദ്ദേഹം ഉദാഹരണമായി നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ‘വാട്സ്ആപ്പ് കമ്മീഷൻ’ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കോടതിയിൽ വിമർശിച്ചു. 32 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽനിന്ന് അന്യായമായി ഒഴിവാക്കാൻ ശ്രമം നടക്കുന്നുണ്ട്. സ്ത്രീകളെയും കുടിയേറ്റ തൊഴിലാളികളെയുമാണ് ഇത് ബാധിക്കുന്നത്. ബിജെപിയുടെ മൈക്രോ ഒബ്‌സർവർമാരെ ഇറക്കി സാധാരണക്കാരുടെ വോട്ട് വെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. താൻ ഒരു രാഷ്ട്രീയ നേതാവായല്ല, മറിച്ച് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ‘അടിമപ്പണിക്കാരെ’ പോലെയാണ് പോരാടുന്നതെന്നും മമത വികാരാധീനയായി പറഞ്ഞു.

സംസ്ഥാന സർക്കാർ ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിട്ടുനൽകാത്തതുകൊണ്ടാണ് മൈക്രോ ഒബ്സർവർമാരെ നിയമിക്കേണ്ടി വന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. എന്നാൽ, ഇത് മമത ബാനർജി എതിർത്തു. വോട്ടർ പട്ടികയിലെ പിഴവുകൾ പരിശോധിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.

Also read: