ശബരിമല യുവതീപ്രവേശം: മാർച്ച് 14-നകം സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി, വാദം ഏപ്രിലിൽ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാരടക്കമുള്ള കക്ഷികൾ മാർച്ച് 14-നകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നതിനായി പുതിയ സമയക്രമം നിശ്ചയിച്ചത്. കേസിൽ ഏപ്രിൽ 7 മുതൽ വിശദമായ വാദം ആരംഭിക്കും.
വിഷയം പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഉടൻ രൂപീകരിക്കും. നിലവിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചിൽ അവശേഷിക്കുന്നത് എന്നതിനാലാണ് പുതിയ ബെഞ്ച് വരുന്നത്. ഏപ്രിൽ 7 മുതൽ 9 വരെ ഹർജിക്കാരെയും, ഏപ്രിൽ 14 മുതൽ 16 വരെ എതിർകക്ഷികളെയും കോടതി കേൾക്കും. ഏപ്രിൽ 22-ഓടെ വാദം പൂർത്തിയാക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. പുനഃപരിശോധനാ ഹർജികളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ശബരിമലയ്ക്ക് പുറമെ മസ്ജിദുകളിലെ സ്ത്രീപ്രവേശം, പാഴ്സി സ്ത്രീകളുടെ ആരാധനാ അവകാശം തുടങ്ങിയ മതപരമായ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. യുവതീപ്രവേശനത്തെ മുൻപ് അനുകൂലിച്ചിരുന്ന സംസ്ഥാന സർക്കാർ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയ പശ്ചാത്തലത്തിൽ കോടതിയിൽ ഇപ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്.