‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം ഷോകൾ റദ്ദാക്കി
കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ രണ്ട് പേരും മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. നഗരത്തിലെ പ്രമുഖ തിയറ്ററായ ഷേണായീസിലും ആദ്യ ഷോ കാണാൻ ആളുകൾ എത്തിയില്ല. ആഗോള റിലീസായി 50ലധികം സ്‌ക്രീനുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 90 ശതമാനം തിയറ്ററുകളിലും സിനിമ കാണാൻ ആളില്ലാത്ത സാഹചര്യമാണ്.
കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതസൗഹാർദ്ദം തകർക്കുമെന്നും ആരോപിച്ച് സിനിമയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിർബന്ധിത മതപരിവർത്തനം, ഭീകരവാദം തുടങ്ങിയ പ്രമേയങ്ങൾക്കെതിരെ ശ്രീദേവ് നമ്പൂതിരി, ഫ്രെഡി ഫ്രാൻസിസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ ട്രെയിലറിൽ യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ വലിയ എതിർപ്പിന് കാരണമായി. നേരത്തെ സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് സിനിമ വിലക്കിയെങ്കിലും, ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പ്രദർശനാനുമതി നൽകുകയായിരുന്നു. എന്നാൽ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗവും കേരളത്തിൽ വൻ പരാജയമായിരുന്നു.