‘കീഴടങ്ങിയില്ലെങ്കിൽ മരണം; ഇറാന്റെ മിസൈൽ ശേഖരം തകർക്കും’- മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനിൽ ഇന്നു പുലർച്ചെ ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത മിന്നലാക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ആസന്നമായ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർത്ത ആണവ പദ്ധതികൾ ഇറാൻ രഹസ്യമായി പുനരാരംഭിക്കാൻ ശ്രമിച്ചുവെന്നും, മിസൈലുകൾ വികസിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇറാനിൽ അമേരിക്കൻ സൈന്യം വലിയൊരു സൈനിക നീക്കത്തിന് തുടക്കം കുറിച്ചതായി ട്രംപ് അറിയിച്ചു. ‘അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇറാൻ അവരുടെ ആണവ പദ്ധതികൾ പുനർനിർമിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇറാനെ ആണവായുധം സ്വന്തമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. അവരുടെ മിസൈൽ ശേഖരവും സമ്പൂർണമായി തകർക്കും’ അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിനും അമേരിക്കൻ താൽപര്യങ്ങൾക്കും നേരെയുള്ള ഇറാനിയൻ ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മിന്നലാക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം കീഴടങ്ങണം. ഇല്ലെങ്കിൽ മരണമാണു മുന്നിലുള്ളതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.