02/03/2026
[fontresizer_tawhidurrahmandear_widget]

81-86 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോൾ സർവെ ഫലം; എൻഡിഎയ്ക്ക് 2 സീറ്റ് വരെ സാധ്യത

 81-86 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോൾ സർവെ ഫലം; എൻഡിഎയ്ക്ക് 2 സീറ്റ് വരെ സാധ്യത

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്‌പോൾ സർവേ പ്രവചിക്കുന്നു. ഫെബ്രുവരി 9 മുതൽ 24 വരെ നടത്തിയ സർവേയിൽ 81 മുതൽ 86 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫ് 51-59 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവേ വ്യക്തമാക്കുന്നു. എൻഡിഎയ്ക്ക് 02 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെടുന്നത്.

സംസ്ഥാനതലത്തിൽ യുഡിഎഫ് 43-45 ശതമാനം വോട്ട് വിഹിതം നേടുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് 39-41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബിജെപിക്ക് 13-15 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 42,000 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

വടക്കൻ കേരളത്തിൽ യുഡിഎഫ് വലിയ ആധിപത്യം പുലർത്തും. ഇവിടെ 32-37 സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം, എൽഡിഎഫിന് 11-16 സീറ്റുകൾ മാത്രം. മുസ്ലിം ലീഗിന്റെ സാന്നിധ്യവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ട് ഏകീകരണവും ഇതിന് കാരണമാകും.

മധ്യകേരളത്തിലും യുഡിഎഫിനാണ് മുൻതൂക്കം. ഇവിടെ 30-35 സീറ്റുകൾ യുഡിഎഫ് നേടുമ്പോൾ എൽഡിഎഫ് 18-23 സീറ്റുകളിൽ ഒതുങ്ങും. ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണവും റബ്ബർ കർഷകർക്കിടയിലുള്ള അതൃപ്തിയും ഇവിടുത്തെ നിർണായക ഘടകങ്ങളാണ്.

തെക്കൻ കേരളത്തിൽ മാത്രമാണ് എൽഡിഎഫിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നത്. ഇവിടെ 1923 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചേക്കാം. യുഡിഎഫ് ഇവിടെ 13-17 സീറ്റുകളിലും എൻഡിഎ 02 സീറ്റുകളിലും എത്തിയേക്കും.

സ്വർണക്കടത്ത് കേസ്, ശബരിമല വിഷയം എന്നിവ സർക്കാരിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചതായി സർവേ നിരീക്ഷിക്കുന്നു. ക്ഷേമപദ്ധതികൾ നടപ്പിലാക്കിയെങ്കിലും, നെൽക്കർഷകർ, കശുവണ്ടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കിടയിലുള്ള അതൃപ്തി വലിയ വെല്ലുവിളിയാണ്. കേരള കോൺഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങളും എൽഡിഎഫിന് തിരിച്ചടിയാകും.

ബിജെപിയെ സംബന്ധിച്ച് സംസ്ഥാനവ്യാപകമായി വളരാൻ പ്രാദേശിക നേതൃത്വത്തിന്റെ ദൗർബല്യം തടസ്സമാവുന്നുണ്ട്. എങ്കിലും തിരുവനന്തപുരം പോലുള്ള മേഖലകളിൽ ചില മുന്നേറ്റങ്ങൾ സാധ്യമാണ്. എൽഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിലേക്ക് ബിജെപി കടന്നുകയറുന്നത് വോട്ട് വിഭജനത്തിന് കാരണമാവുകയും അത് പരോക്ഷമായി യുഡിഎഫിന് ഗുണകരമാവുകയും ചെയ്യുന്നുണ്ടെന്നും സർവേ വിലയിരുത്തുന്നു.

Also read: