ഇസ്രയേലിൽനിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് അമേരിക്ക; ഇന്ധനം നിറയ്ക്കാൻ ആറു വിമാനങ്ങൾ കൂടി തെൽ അവീവിലേക്ക്
വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ വിമാനങ്ങൾ ലഭ്യമായിട്ടുള്ള ഈ അവസരത്തിൽ തന്നെ അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ഇസ്രയേൽ വിടുന്നത് പരിഗണിക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന വൻ സൈനിക വിന്യാസത്തിന്റെ ഭാഗമായാണ് ആറ് പുതിയ ഇന്ധന വിമാനങ്ങൾ കൂടി ഇസ്രയേലിലെ തെൽ അവീവിനടുത്തുള്ള ബെൻ ഗുരിയൻ വിമാനത്താവളത്തിലേക്ക് അയക്കുന്നത്. അഞ്ച് അമേരിക്കൻ കെസി-46 ഇന്ധന വിമാനങ്ങൾ ന്യൂ ഹാംഷെയറിലെ പോർട്‌സ്മൗത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും, ആറാമത്തെ വിമാനം നോർത്ത് കരോലിനയിലെ സീമോർ ജോൺസൺ വ്യോമതാവളത്തിൽനിന്നുമാണ് പുറപ്പെടുന്നത്. ഓപൺ-സോഴ്‌സ് ഫ്‌ലൈറ്റ് ഡാറ്റ ട്രാക്ക് ചെയ്യുന്ന അനലിസ്റ്റുകളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇസ്രയേൽ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
നേരത്തെ തന്നെ നിരവധി അമേരിക്കൻ കാർഗോ വിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ബെൻ ഗുരിയൻ വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ, തെക്കൻ ഇസ്രയേലിലെ ഓവ്ദ വ്യോമതാവളത്തിൽ 11 എ22 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും വിന്യസിച്ചിട്ടുണ്ട്. എ35, എ22, എ15, എ16 തുടങ്ങി ഡസൻ കണക്കിന് അമേരിക്കൻ യുദ്ധവിമാനങ്ങളും നൂറുകണക്കിന് സൈനിക കാർഗോ വിമാനങ്ങളുമാണ് കഴിഞ്ഞ ആഴ്ചകളിലായി അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. ഏത് നിമിഷവും ഇറാനുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന സൂചനയാണ് ഈ നീക്കങ്ങളെല്ലാം നൽകുന്നത്.