ഇറാൻ മിസൈലിട്ട ബഹ്‌റൈനിലെ യുഎസ് താവളത്തിൽ 300 ബ്രിട്ടീഷ് സൈനികർ; സുരക്ഷിതരെന്ന് പ്രതിരോധ സെക്രട്ടറി
മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി.
ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. “ചില സൈനികർ മിസൈൽ പതിച്ചയിടത്തുനിന്ന് വെറും 200 മീറ്ററോളം, ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു എന്ന് ജോൺ ഹീലി വ്യക്തമാക്കി. ബ്രിട്ടീഷ് സൈനികർക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെങ്കിലും സാഹചര്യം അതീവ ഗുരുതരമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ മിസൈലുകളെ തകർക്കാൻ ബ്രിട്ടീഷ് സൈന്യം നേരിട്ട് ഇടപെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഒരു മിസൈൽ ബ്രിട്ടീഷ് പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി ലണ്ടനിലെ ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. സൈപ്രസിന് നേരെയും ഇറാൻ മിസൈലുകൾ വിക്ഷേപിച്ച സാഹചര്യത്തിൽ, ഇറാനെതിരെ നേരിട്ടുള്ള സൈനിക നീക്കങ്ങളിൽ പങ്കുചേരാനുള്ള സാധ്യത ബ്രിട്ടൻ തള്ളിക്കളഞ്ഞിട്ടില്ല.
യൂറോപ്പിലെ ബ്രിട്ടീഷ്-അമേരിക്കൻ ഇൻ്റലിജൻസ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സൈപ്രസിന് നേരെയും ഇറാൻ മിസൈൽ തൊടുത്തത് ബ്രിട്ടൻ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് വളരെ യഥാർത്ഥവും വർദ്ധിച്ചുവരുന്നതുമായ ഭീഷണിയാണ് എന്ന് ജോൺ ഹീലി സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പരമോന്നത നേതാവ് ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ നടത്തുന്ന ഈ പ്രത്യാക്രമണങ്ങൾ മേഖലയിലെ പാശ്ചാത്യ സൈനിക താവളങ്ങളെ പൂർണമായും യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.