31/03/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; കരിങ്കൊടിയും ‘ഗോ ബാക്ക്’ വിളിയും

 ബംഗാളിൽ തെര. കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; കരിങ്കൊടിയും ‘ഗോ ബാക്ക്’ വിളിയും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം. ഇന്നു രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കമ്മീഷണറെ കരിങ്കൊടി കാണിച്ചും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധക്കാർ നേരിട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കമ്മീഷണറുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവുമായി ഇരച്ചെത്തി. വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തതും കമ്മീഷണർക്ക് വഴിമൊരുക്കിയതും.

ഞായറാഴ്ച രാത്രി കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ ഗ്യാനേഷ് കുമാറിന് നേരെ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. വിമാനത്താവളത്തിന് പുറത്തും അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നിലും തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വോട്ടർ പട്ടിക തീവ്രപരിശോധന(എസ്‌ഐആർ) നടപടികളിലൂടെ യഥാർത്ഥ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പ്രതിഷേധങ്ങൾക്കിടയിലും ക്ഷേത്ര ദർശനം നടത്തിയ ഗ്യാനേഷ് കുമാർ, ബംഗാൾ ജനതയുടെ നന്മയ്ക്കായി പ്രാർത്ഥിച്ചുവെന്നും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും പ്രതികരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്താനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ കമ്മീഷൻ, വിവിധ രാഷ്ട്രീയ പാർട്ടികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാന നിലയും പോളിങ് ഒരുക്കങ്ങളും വിലയിരുത്തിയ ശേഷം ചൊവ്വാഴ്ച വൈകിട്ട് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും.

Also read: