‘കേരളം എന്റെ കർമഭൂമി; നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകും’-മലയാളത്തിൽ സംസാരിച്ച് ഗ്യാനേഷ് കുമാർ
കൊച്ചി: കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധം മലയാളത്തിൽ പങ്കുവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മലയാളത്തിൽ തന്റെ ഓർമകൾ പങ്കുവെച്ചത്. കേരളവും എറണാകുളവും തന്റെ കർമഭൂമിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയാകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു കേരളത്തിൽ ചെലവഴിച്ച ആ 14 വർഷങ്ങൾ. അന്നത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. 20 വർഷം മുൻപ് എറണാകുളവും കേരളവും എന്റെ കർമഭൂമിയായിരുന്നു,’ അദ്ദേഹം പറഞ്ഞു. ഇവിടെ ജോലി ചെയ്തിരുന്ന കാലത്താണ് താൻ മലയാളം പഠിച്ചതെന്നും ഇവിടുത്തെ സംസ്‌കാരം മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയകാല ഓർമകൾ പങ്കുവെച്ച അദ്ദേഹം, കൊച്ചിയിലെ ഗോശ്രീ പാലങ്ങളും ദർബാർ ഹാൾ ഗ്രൗണ്ടും ഉൾപ്പെടെയുള്ള വികസന പദ്ധതികൾ കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തി. ‘വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ഭാരതത്തിൽ മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാകും. അങ്ങനെ നമുക്ക് നടത്തി കാണിക്കണം’, ചീഫ് ഇലക്ഷൻ കമ്മിഷണറായി കേരളത്തിൽ എത്തുമ്പോൾ സംസ്ഥാനത്തെ വോട്ടർമാർക്ക് നൽകാനുള്ള സന്ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞതുപോലെ, വോട്ടർപട്ടിക കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. അർഹരായ ആരും പട്ടികയിൽ നിന്ന് പുറത്തുപോകില്ല. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ്‌ഐആർ പ്രക്രിയ തികച്ചും സുതാര്യമാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൊച്ചിയിൽ വ്യക്തമാക്കി.