2,500 വർഷത്തെ ചരിത്രം പറയാനുണ്ട് പേർഷ്യൻ സാമ്രാജ്യത്തിന്; അമേരിക്കയ്ക്ക് 249 വർഷത്തെ മാത്രം പഴക്കം; എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം-ദിമിത്രി മെദ്വെദേവ്
ദിമിത്രി മെദ്വെദേവ്
മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വധത്തിലേക്കും ഇറാന്റെ തന്ത്രപ്രധാന മേഖലകളുടെ തകർച്ചയിലേക്കും നയിച്ച യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വെദേവ്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
”അമേരിക്കയ്ക്ക് കേവലം 249 വർഷത്തെ ചരിത്രമേയുള്ളൂ. എന്നാൽ, 2,500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായതാണ് പേർഷ്യൻ സാമ്രാജ്യം. അടുത്ത നൂറുവർഷം എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം”- അദ്ദേഹം ഓർമിപ്പിച്ചു.
സ്വയം പ്രഖ്യാപിത ‘സമാധാന പാലകർ’ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാനുമായുള്ള ചർച്ചകൾ വെറും പുകമറയായിരുന്നു. ശത്രുവിന്റെ പതനത്തിനായി ആർക്കാണ് കൂടുതൽ ക്ഷമയോടെ കാത്തിരിക്കാൻ കഴിയുകയെന്നും, വരും കാലങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും മെദ്വെദേവ് കുറിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തുന്ന ഈ ആക്രമണങ്ങളെ ആസൂത്രിതമായ അധിനിവേശം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഇറാൻ ഇതിനകം തന്നെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ചിട്ടുണ്ട്.
പുടിന്റെ വിശ്വസ്തനായ മെദ്വദേവിന്റെ വാക്കുകൾ റഷ്യയുടെ ഔദ്യോഗിക നിലപാടിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പ്രധാന സഖ്യരാജ്യവും ആയുധദാതാവുമായ റഷ്യ, ആക്രമണങ്ങളെ ആഗോള സമാധാനത്തെ തകർക്കുന്ന പ്രകോപനമില്ലാത്ത അധിനിവേശം എന്നാണ് വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങൾ നയതന്ത്ര ചർച്ചകളെ യുദ്ധത്തിനുള്ള പുകമറയാക്കി മാറ്റുകയാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയും ആരോപിച്ചു.