തെര.കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; ആരോപണവുമായി സിപിഎം
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. 2019 മാർച്ച് 19-ന് തയ്യാറാക്കിയ കത്തിലാണ് ബിജെപിയുടെ സീൽ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി സിപിഎം തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന പരിഹാസത്തോടെയാണ് സിപിഎം ഈ വിഷയം ഉയർത്തിയിരിക്കുന്നത്. കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് സംഭവമെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.
സംഭവത്തിൽ പരിഹാസവുമായി സിപിഎം നേതാവ് എം.വി നികേഷ് കുമാറും രംഗത്തെത്തി. “വോട്ടിങ് മെഷീനിൽ ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന വാർത്തകൾക്ക് പിന്നാലെ, കമ്മീഷനും ബിജെപിയും ഒരേ സീൽ ഉപയോഗിക്കുന്ന വാർത്തയും വന്നിരിക്കുകയാണ്. ഇത് കമ്മീഷന്റെ ഓഫീസിൽ നിന്ന് തന്നെയാണ് അയച്ചതെന്ന് രണ്ട് വിലാസക്കാരോട് ചോദിച്ച് ഉറപ്പിച്ചിട്ടുണ്ട്,” – അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ തള്ളി. കമ്മീഷന്റെ വെബ്സൈറ്റിലുള്ള യഥാർത്ഥ രേഖകളിൽ ഇത്തരമൊരു സീൽ ഇല്ലെന്നും, മുൻപും പല തെരഞ്ഞെടുപ്പുകളിൽ ഈ രേഖകൾ വിതരണം ചെയ്തിട്ടുള്ളതാണെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം വൈകുന്നേരം അഞ്ച് മണിക്ക് ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് വിവരം.