27/03/2026
[fontresizer_tawhidurrahmandear_widget]

ഗ്യാസ് കിട്ടാതെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ

 ഗ്യാസ് കിട്ടാതെ  അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ

തിരുവനന്തപുരം:സംസ്ഥാനത്ത്‌ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം സ്തംഭിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെ മാത്രം കേരളത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആശുപത്രികൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിലേക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വലഞ്ഞത്. പലയിടങ്ങളിലും ഭക്ഷണ മെനുകൾ വെട്ടിക്കുറയ്ക്കുകയും ചായക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനമവസാനിപ്പിക്കുകയും ചെയ്തു. നോമ്പുകാലമായതിനാൽ ഇഫ്താർ സംഗമങ്ങൾ നടത്തുന്ന ഹോട്ടലുടമകളും വലിയ ആശങ്കയിലാണ്. ഇതിനിടെ ചില സ്വകാര്യ ഏജൻസികൾ വഴി ഇരട്ടി വിലയ്ക്ക് കരിഞ്ചന്തയിൽ സിലിണ്ടറുകൾ വിൽക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

സ്കൂളുകളിൽ വിറകടുപ്പ്

പാചകവാതക ക്ഷാമം കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയെയും ബാധിച്ചു തുടങ്ങി. സിലിണ്ടറുകൾ കിട്ടാതായ സാഹചര്യത്തിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ താത്കാലിക അനുമതി നൽകി. പി.എം പോഷൻ പദ്ധതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസത്തെ സ്റ്റോക്ക് മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ശ്മശാനങ്ങളും പ്രതിസന്ധിയിൽ

ഭക്ഷണ മേഖലയെ മാത്രമല്ല, ശ്മശാനങ്ങളുടെ പ്രവർത്തനത്തെയും ഗ്യാസ് ക്ഷാമം സാരമായി ബാധിച്ചു. കോഴിക്കോട് മാവൂർ സ്മൃതിപഥം ഉൾപ്പെടെയുള്ള വാതക ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ ആവശ്യമായ ഗ്യാസ് ലഭിക്കുന്നില്ല. ഒരു മൃതദേഹം സംസ്കരിക്കാൻ ഏകദേശം 25 കിലോ വാതകം വേണമെന്നിരിക്കെ സിലിണ്ടറുകൾ കിട്ടാത്തത് സംസ്കാര ചടങ്ങുകൾ വൈകാൻ കാരണമാകുന്നു.

ഹോസ്റ്റലുകൾ, അന്നദാന കേന്ദ്രങ്ങൾ, എൽ.പി.ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ എന്നിവയും വലിയ തടസ്സങ്ങളെയാണ് നേരിടുന്നത്. ഗാർഹിക ബുക്കിംഗുകൾ തൃപ്തികരമാണെന്ന് കമ്പനികൾ അവകാശപ്പെടുമ്പോഴും സിലിണ്ടറുകൾ കൃത്യസമയത്ത് എത്തുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വരും ദിവസങ്ങളിൽ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനം വലിയൊരു ഭക്ഷ്യക്ഷാമത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും നീങ്ങുമെന്ന ഭീതിയിലാണ് വ്യാപാരികളും പൊതുജനങ്ങളും.വിതരണം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നൽകി.

സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കും ഇരട്ടി വിലയ്ക്ക് വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. താലൂക്ക് തലത്തിൽ പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Also read: