27/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്

 ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്

തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ വർഷത്തിനിടെയാണ് പവർ സ്റ്റേഷനെ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ പവർ സ്റ്റേഷന് തൊട്ടടുത്തുള്ള ഒഴിഞ്ഞ പ്രദേശത്താണ് വീണതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ വലിയ ഗർത്തം രൂപപ്പെട്ടെങ്കിലും നിലയത്തിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടായിട്ടില്ല.

ഇറാന്റെ മിസൈലുകൾ ഇസ്രയേലിന്റെ സിവിൽ ഇൻഫ്രാസ്ട്രക്ചറുകളെ നേരിട്ട് ലക്ഷ്യം വെക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മിസൈൽ നേരിട്ട് നിലയത്തിൽ പതിച്ചിരുന്നെങ്കിൽ ഇസ്രയേൽ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കും ഇരുട്ടിലേക്കും നീങ്ങാനിടയുണ്ട്.

ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈൽ ഹദേര വരെ എത്തിയത് എന്നത് ഐ.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. ഇറാന്റെ മിസൈൽ ആക്രമണം കൂടുതൽ കൃത്യതയാർന്നതാകുന്നു എന്നതിന്റെ സൂചനയാണിതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. പവർ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായും സമീപപ്രദേശത്തുകാർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇസ്രയേലിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ വലിയൊരു ഭാഗം വഹിക്കുന്ന ഒറോട്ട് റാബിൻ നിലയത്തിന് നേരെയുണ്ടായ ആക്രമണശ്രമം അതീവ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്. യുദ്ധം സിവിൽ മേഖലകളിലേക്ക് പടരുമ്പോൾ വൈദ്യുതി നിലയങ്ങൾ, ജലവിതരണ കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടു.

Also read: