ഇസ്രയേൽ പാർലമെന്റിനു നേരെ ഇറാൻ മിസൈൽ ആക്രമണം; നെസെറ്റ് സമ്മേളനം നിർത്തിവെച്ചു
തെൽ അവീവ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ഇസ്രയേലിന്റെ ഭരണകൂട സിരാകേന്ദ്രങ്ങളിലേക്ക് പടരുന്നു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് സഭാനടപടികൾ അടിയന്തരമായി നിർത്തിവെച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജെറുസലേമിലും പരിസരപ്രദേശങ്ങളിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത്. ഇതോടെ പാർലമെന്റ് അംഗങ്ങളും ജീവനക്കാരും സഭയ്ക്കുള്ളിലെ സുരക്ഷിത ബങ്കറുകളിലേക്ക് മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുപ്രധാനമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് പാർലമെന്റ് മന്ദിരത്തിന് സമീപം വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടത്. ഇതോടെ സഭാനടപടികൾ പെട്ടെന്ന് തന്നെ നിർത്തിവെക്കാൻ സ്പീക്കർ ഉത്തരവിട്ടു. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ചില മിസൈലുകൾ കെട്ടിടങ്ങളിൽ പതിച്ചതായാണ് സൂചന. ജനപ്രതിനിധികളുടെ സുരക്ഷ മുൻനിർത്തിയാണ് സഭാ നടപടികൾ നിർത്തിവച്ചതെന്ന് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘പ്രസ് ടിവി’ റിപ്പോർട്ട് ചെയ്തു.
തെൽ അവീവിനും ജെറുസലേമിനുമൊപ്പം തെക്കൻ നഗരമായ ബീർഷബെയിലും ഇറാൻ വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ടതായി ‘അൽ മയാദീൻ’ (അഹ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ വർഷത്തെത്തുടർന്ന് നഗരത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടു. ഇസ്രയേലിന്റെ പല സുരക്ഷാ കവചങ്ങളും നോക്കുകുത്തിയായ സാഹചര്യത്തിൽ, ആക്രമണം ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇസ്രയേൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.