ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് ടിവി
ആയത്തുല്ല അലി ഖാംനഇ
തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു.
ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന.
പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. “നിലവിൽ ഞങ്ങളെ സംരക്ഷിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. സ്വന്തം നിലയിൽ പ്രതിരോധിക്കാനുള്ള എല്ലാ കരുത്തും സന്നാഹവും ഇറാനുണ്ട്,”- അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഇറാന്റെ തിരിച്ചടി ഭയന്ന് പശ്ചിമേഷ്യയിലുടനീളം യുദ്ധഭീതി പടരുകയാണ്. ബഹ്‌റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക താവളത്തിൽ വൻ സ്ഫോടനങ്ങൾ നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.