കളമശ്ശേരി തിരിച്ചുപിടിക്കാൻ യുഡിഎഫ്; ഇബ്രാഹിംകുഞ്ഞിന്റെ പിൻഗാമിയാകാൻ അബ്ദുൽ ഗഫൂർ കളത്തിൽ
എറണാകുളം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ തട്ടകമായ കളമശ്ശേരി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021-ൽ നടന്ന പോരാട്ടത്തിന്റെ രണ്ടാം ഭാഗത്തിന് കളമശ്ശേരി ഇത്തവണ സാക്ഷ്യം വഹിക്കും.
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മരണശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് റെക്കോർഡ് വേഗത്തിൽ പാലങ്ങൾ പണിത നേതാവെന്ന പ്രതിച്ഛായ ഇബ്രാഹിംകുഞ്ഞിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായ ഒരു തരംഗം രൂപപ്പെട്ടിട്ടുണ്ടെന്ന് മുസ്ലിം ലീഗ് വിലയിരുത്തുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ മകൻ എന്ന ലേബൽ അബ്ദുൽ ഗഫൂറിന് ഇത്തവണ വലിയ തോതിൽ ഗുണം ചെയ്യും.
2021-ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ് കളമശ്ശേരിയിൽ വിജയിച്ചത്. ഇത്തവണയും പി. രാജീവ് തന്നെയാണ് എൽഡിഎഫിന്റെ പോരാളി. വ്യവസായ മന്ത്രിയെന്ന നിലയിലുള്ള പി. രാജീവിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും മണ്ഡലത്തിൽ എത്രമാത്രം ഗുണം ചെയ്തുവെന്ന ചോദ്യമായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അബ്ദുൽ ഗഫൂർ ഉയർത്തുക. ലീഗിന്റെ കോട്ടയായിരുന്ന മണ്ഡലം പൂർവാധികം ഭൂരിപക്ഷത്തിനു തിരിച്ചുപിടിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം.
നിലവിൽ മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് അബ്ദുൽ ഗഫൂർ. ഇബ്രാഹിംകുഞ്ഞിന്റെ കാലംതൊട്ടു തന്നെ മണ്ഡലത്തിൽ സജീവമാണ്. പിതാവ് സജീവരാഷ്ട്രീയത്തിൽനിന്നു പിന്മാറിയ ശേഷം, ആ വിടവ് നികത്തിക്കൊണ്ട് ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗഫൂറിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടിയിലുണ്ടായിരുന്ന ഭിന്നസ്വരങ്ങളൊന്നും ഇത്തവണ ഉണ്ടായില്ലെന്നത് അബ്ദുൽ ഗഫൂറിന് കൂടുതൽ അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനും മറികടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാണക്കാട് തങ്ങൾ കുടുംബവുമായും പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഇബ്രാഹിംകുഞ്ഞിനുണ്ടായിരുന്ന സവിശേഷമായ അടുപ്പം അബ്ദുൽ ഗഫൂറും തുടരുന്നുണ്ട്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇതിനകം തന്നെ മണ്ഡലത്തിൽ ആരംഭിച്ചു കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ച്, ഇബ്രാഹിംകുഞ്ഞിന്റെ ഓർമകളും യുവത്വത്തിന്റെ കരുത്തും ഉപയോഗിച്ച് കളമശ്ശേരി തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് അബ്ദുൽ ഗഫൂറും മുസ്ലിം ലീഗും.