27/03/2026
[fontresizer_tawhidurrahmandear_widget]

‘എല്‍ഡിഎഫ് വഞ്ചിച്ചു’; കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക് മടങ്ങി

 ‘എല്‍ഡിഎഫ് വഞ്ചിച്ചു’; കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക് മടങ്ങി

മലപ്പുറം: ഇടത് പാളയത്തിൽ നിന്ന് വീണ്ടും ഒരു പ്രമുഖൻ കൂടി യുഡിഎഫിലേക്ക്. കൊടുവള്ളി മുൻ എംഎൽഎയും മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാരാട്ട് റസാഖ് എൽഡിഎഫ് വിട്ട് മുസ്‌ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ലീഗ് അംഗത്വം സ്വീകരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മടങ്ങിവരവ്.

“എൽഡിഎഫ് എന്നെ വഞ്ചിച്ചു, എന്നെ ചേർത്തുപിടിക്കാൻ അവർക്ക് സാധിച്ചില്ല” എന്ന് പാർട്ടി വിട്ടശേഷം റസാഖ് പ്രതികരിച്ചു. നിലവിലുള്ള ബോർഡ് ചെയർമാൻ സ്ഥാനം ഉടൻ രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്നതിന്റെ തെളിവാണ് റസാഖിന്റെ മടങ്ങിവരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യാതൊരുവിധ നിബന്ധനകളും വെക്കാതെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.

2016-ൽ ലീഗ് വിമതനായി മത്സരിച്ച് കൊടുവള്ളിയിൽ അട്ടിമറി വിജയം നേടിയ റസാഖിന്റെ മാറ്റം മലബാർ മേഖലയിൽ എൽഡിഎഫിന് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. പി.വി അൻവർ വിഷയത്തിന് പിന്നാലെ റസാഖ് മുന്നണി വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അദ്ദേഹം അത് നിഷേധിച്ചിരുന്നു. എന്നാൽ സിപിഎം ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടാത്തതാണ് പെട്ടെന്നുള്ള ഈ കൂടുമാറ്റത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

Also read: